ബെംഗളൂരു: ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് അപമാനമായി ബെംഗളൂരുവിലെ ന്യൂയര്‍ ആഘോഷങ്ങള്‍. പുതുവര്‍ഷ രാത്രി ആഘോഷത്തിനെത്തിയ പെണ്‍കുട്ടികളെ വ്യാപകമായി ഉപദ്രവിക്കപ്പെട്ടുവെന്നുള്ള വാര്‍ത്തകള്‍ ലോകമാധ്യമങ്ങളും ഏറ്റെടുത്തതോടെ മാനം കെട്ട് ഇന്ത്യ.
മദ്യലഹരിയില്‍ പുറത്തിറങ്ങിയ പെണ്‍കുട്ടികളും സുഹൃത്തുക്കള്‍ക്കൊപ്പം ന്യൂഇയര്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയവരുമാണ് അപമാനിക്കപ്പെട്ടത്. നൂറുകണക്കിനു പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടും പുതുവര്‍ഷപ്പുലരിയില്‍ ബെംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ വ്യാപകമായി അപമാനിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നഗരത്തിലെ പ്രശസ്തമായ എംജി റോഡിലും ബ്രിഗേഡ് റോഡിലുമാണു പുതുവര്‍ഷാഘോഷങ്ങള്‍ക്കിടെ സ്ത്രീകള്‍ക്കെതിരെ വ്യാപകമായി അതിക്രമങ്ങള്‍ അരങ്ങേറിയത്. ‘ബാംഗ്ലൂര്‍ മിറര്‍’ ദിനപത്രമാണ് ഇത്തരത്തില്‍ സ്ത്രീകള്‍ അതിക്രമത്തിന് ഇരയാകുന്ന ചിത്രങ്ങള്‍ സഹിതം വാര്‍ത്ത നല്‍കിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപമാനം നേരിട്ട യുവതികള്‍ പൊലീസുകാരോടു സഹായം തേടുന്നതിനു താന്‍ സാക്ഷിയായതായും സംഭവം റിപ്പോര്‍ട്ട് ചെയ്ത ലേഖകന്‍ വ്യക്തമാക്കി.
പൊതുവെ സ്ത്രീസുരക്ഷയ്ക്കു പേരുകേട്ട ബെംഗളൂരുവില്‍ ഈ സല്‍പ്പേര് നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണു പുതുവര്‍ഷാഘോഷങ്ങളോട് അനുബന്ധിച്ച് അരങ്ങേറിയതെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മിക്കയിടങ്ങളിലും സ്ത്രീകള്‍ സുരക്ഷയ്ക്കായി പൊലീസുകാരുടെ സഹായം തേടുന്നതു കാണാമായിരുന്നു. ചിലര്‍ അതിക്രമങ്ങള്‍ നേരിടാനാകാതെ പൊട്ടിക്കരഞ്ഞു. മറ്റു ചിലര്‍ കാലിലെ ചെരിപ്പൂരി കൈയില്‍ പിടിച്ചാണു സാമൂഹിക വിരുദ്ധരെ നേരിട്ടതും.
അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നാണു ബെംഗളൂരു സിറ്റി പൊലീസിന്റെ നിലപാട്. അതിനിടെ, പുതുവര്‍ഷ രാവില്‍ നഗരത്തില്‍ സംഭവിച്ചുവെന്നു പറയപ്പെടുന്ന കാര്യങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നു കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പ്രതികരിച്ചു. ക്രിസ്മസ്, പുതുവല്‍സരാഘോഷങ്ങള്‍ക്കിടെ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നും എന്താണു സംഭവിച്ചതെന്നു പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനു നഗരത്തിലെങ്ങും പൊലീസുകാരെ നിയോഗിച്ചിരുന്നു. 25ല്‍ അധികം സിസിടിവി ക്യാമറകളും സ്ഥാപിച്ചിരുന്നു. എന്നിട്ടും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയതു നിര്‍ഭാഗ്യകരമാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു