
ക്രൈം ഡെസ്ക്
തിരുവനന്തപുരം: മസാജിങ് സെന്ററിന്റെ മറവിൽ പെൺവാണിഭം നടത്തിയ കോവളത്തെ സെന്ററുകളിൽ പൊലീസ് നടത്തിയ റെയ്ഡിൽ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ. നൂറിലേറെ സ്ത്രീകളുടെ വിലാസമാണ് ഇവിടുത്തെ മസാജിങ് സെന്ററുകളിൽ നിന്നു പൊലീസിനു ലഭിച്ചത്. സ്ത്രീകളിൽ ഏറെപ്പേരും പതിനെട്ടിനും 35 നും ഇടയിൽ പ്രായമുള്ള യുവതികളായിരുന്നു. ആലപ്പുഴയിലും കോഴിക്കോട്ടും കൊച്ചിയിലും സമാനരീതിയിൽ മസാജിങ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവിടെയും റെയ്ഡുണ്ടാകും.
തിരുവനന്തപുരത്ത് കോവളം, വർക്കല തുടങ്ങിയ ബീച്ച് പ്രദേശങ്ങളിലാണ് ഇപ്പോൾ അനധികൃത മസാജിങ് സെന്ററുകൾ പ്രവർത്തിക്കുന്നതെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇവിടെ പ്രവർത്തിക്കുന്ന മസാജ് സെന്ററുകൾ മണിക്കൂർ നിരക്കിലാണ് പണം ഈടാക്കുന്നത്. ഒരു മണിക്കൂറിനു അയ്യായിരം രൂപയാണ് സാധാരണ മസാജിനു നിരക്ക് ഈടാക്കുന്നത്. മസാജ് പരിധിവിട്ടു പോയാൽ നിരക്ക് വീണ്ടും വർധിക്കും.
പല കാറ്റഗറിയിലാണ് ഇവിടെ സ്ത്രീകളെ നിരത്തിയിരിക്കുന്നത്. മസാജിങ്ങിനായി എത്തുന്നവർക്കു ആദ്യം പെൺകുട്ടികളുടെ ചിത്രങ്ങൾ നൽകും. ഇതിൽ നിന്നും ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാം. ഓരോ പെൺകുട്ടികൾക്കുമായി പ്രത്യേകം ഫയലുകളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. പെൺകുട്ടികളുടെ ചിത്രവും ശരീരത്തിന്റെ അളവഴകുകളും വരെ ഈ ഫയലിൽ പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്. ഈ ഫയലുകൾ നോക്കി ഉപഭോക്താക്കൾക്കു ആവശ്യമുള്ള പെൺകുട്ടികളെ തിരഞ്ഞെടുക്കാം.