![](https://dailyindianherald.com/wp-content/uploads/2017/01/ammas.png)
തിരുവനന്തപുരം: മാതാഅമൃതാനന്ദമയിയാണ് കേരളത്തിലെ ഒന്നാമത്തെ മത മാഫിയയെന്ന് മുന്‍ ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ് ടി ആര്‍ സോമശേഖരന്‍. അമൃതാനന്ദമയി കേരളത്തിലെ ഒന്നാമത്തെ മത മാഫിയയാണ്. ബാബ രാംദേവിനെ പോലുള്ളവര്‍ക്ക് വലിയ അധോലാക സാമ്രാജ്യമുണ്ട്. കള്ളപ്പണക്കാര്‍ക്കെതിരെ മാത്രമല്ല, ഇത്തരം മാഫിയകളെ നിലക്ക് നിര്‍ത്താനും നടപടി വേണമെന്നു സോമശേഖരന്‍ മീഡിയ വണ്‍ ചാനലിനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ദീര്‍ഘകാലം ആര്‍എസ്എസിന്റെ സംസ്ഥാന ബൌദ്ധിക് പ്രമുഖും സംഘടനയുടെ മുഖപത്രമായ കേസരിയുടെ പത്രാധിപരുമായിരുന്നു സോമശേഖരന്‍.
കേരളത്തിലെ ഒന്നാമത്തെ മത മാഫിയയാണ് മാതാ അമൃതാനന്ദ മയി. ഇത്തരത്തില്‍ പല ആളുകളുണ്ട്. ഗോതമ്പും പൊടികളും മറ്റും കച്ചവടം ചെയ്യുന്ന ബാബ രാംദേവിനെ പോലുള്ളര്‍ക്ക് വലിയൊരു അധോലോകമുണ്ട്. ആത്മീയതയുടെ കച്ചവടമാണ്ഇവര്‍ ചെയ്യുന്നത്. കൊലപാതകങ്ങള്‍ ഉള്‍പ്പെടെ പല തരം കുറ്റകൃത്യങ്ങള്‍ ഇവരുടെ കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. അതുകൊണ്ടാണ് ഇവരെ മത മാഫിയകളെന്ന് വിളിക്കുന്നത്. രാംദേവിനെയും ശ്രീ ശ്രീയെയും പോലുള്ളവരെ അടുപ്പിക്കരുത്. കള്ളപ്പണക്കാരെ നേരിടുന്നതുപോലെ ഇത്തരം മാഫിയകളെയും നേരിടണം. ഇത്തരം ആളുകളുമായി സംഘപരിവാറിന്റെ ചില നേതാക്കന്മാര്‍ ഉള്‍പ്പെടെ പുലര്‍ത്തുന്ന ബന്ധത്തില് തനിക്ക് അതൃപ്തിയുണ്ട്. ചില സംഘടിത സമുദായ നേതാക്കളെ കൂടെ കൂട്ടിയതുകൊണ്ട് മാത്രം പാര്‍ട്ടിക്ക് ജനങ്ങളുടെ അംഗീകാരം നേടാനാവില്ല
കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ പ്രവര്‍ത്തനം ശരിയായ ദിശയിലല്ലെന്നും സോമശേഖരന് പറഞ്ഞു. ദേശീയ തലത്തിലുള്ള പാര്‍ട്ടിയുടെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന് സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ല. ചില സംഘടിത സമുദായ നേതാക്കളെ കൂടെ കൂട്ടിയതുകൊണ്ട് മാത്രം പാര്‍ട്ടിക്ക് ജനങ്ങളുടെ അംഗീകാരം നേടാനാവില്ല. അസംഘടിതരായ ജനങ്ങളെ സംഘടിപ്പിക്കുകയാണ് വേണ്ടത്. സംഘ പ്രവര്‍ത്തനം അങ്ങനെയായിരുന്നു. ബിജെപിക്ക് വോട്ട് വേണ്ടെന്ന തരത്തിലാണ് ചിലരുടെ പ്രവര്‍ത്തനം.
ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് തന്റെ നിലപാട്. എല്ലാ ദിവസവും സ്ത്രീകളെയും പുരുഷന്മാരെയും പ്രവേശിപ്പിച്ചാല്‍ ഒരു കുഴപ്പവും ഉണ്ടാകില്ല. ഇപ്പോള്‍ വര്‍ഷത്തില്‍ കുറച്ച് ദിവസങ്ങളില്‍ മാത്രം പ്രവേശനം എന്ന രീതി കച്ചവട ലക്ഷ്യത്തോടെയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പോലെ ദിവസേന പ്രവേശനം അനുവദിച്ചാല്‍ ഒന്നും സംഭവിക്കില്ല. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ ബിജെപിക്കാര്‍ ഉള്‍പ്പെടെ ഒരു വിഭാഗം നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനെയും സോമശേഖരന്‍ വിമര്‍ശിച്ചു.