ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥി പട്ടികയാകും മുമ്പേ കോണ്‍ഗ്രസില്‍ കലാപം തുടങ്ങിയോ.? പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പറഞ്ഞു തുടങ്ങിയതോടെയാണ് ഒളിഞ്ഞും തെളിഞ്ഞും ഗ്രൂപ്പുകള്‍ പരസ്പ്പരം വെട്ടിനിരത്തല്‍ തുടങ്ങിയട്ടുള്ളത്. വയലാര്‍ രവി ഗ്രൂപ്പ്കാരനായി അറിയപ്പെട്ടിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ മാത്യു കൂഴല്നാടനെതിരെയാണ് വയലാര്‍ രവി ഗ്രൂപ്പുകാര്‍ രംഗത്തെത്തിയിരിക്കുന്നത്.
മാത്യു കുഴല്‍ നാടന്‍ സീറ്റ് അനുവദിക്കാന്‍ പാടില്ലെന്നാണ് ഗ്രൂപ്പിന്റെ നിലപാട്. കുറേ നാളുകളായി ഐ ഗ്രൂപ്പുമായി ചങ്ങാത്തം കൂടിയത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിക്കാനായിരുന്നെന്ന് നേരത്തെ കോണ്‍ഗ്രസിനുള്ളില്‍ അടക്കം പറച്ചിലുണ്ടായിരുന്നു. അത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു മാത്യു കുഴല്‍നാടന്റെ നീക്കങ്ങളും.
യൂത്ത് കോണ്‍ഗ്രസ് നേതാവായ മാത്യു കുഴല്‍നാടന്റെ പേര് പല മണ്ഡലത്തിലും പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും പ്രദേശിക നേതൃത്വങ്ങള്‍ അംഗീകരിക്കുന്നില്ല. സംസ്ഥാനത്ത് കാര്യമായി പ്രവര്‍ത്തന പരിചയമില്ലാത്തതും ജനങ്ങള്‍ക്ക് മതിപ്പില്ലാത്തതുമാണ് പ്രാദേശിക നേതൃത്വങ്ങള്‍ മാത്യുവിനെ ഒഴിവാക്കുന്നതിന് കാരണമായി പറയുന്നത്. എന്തായാലും ഇത്തവണ ഉറപ്പായും മത്സരിക്കുമെന്നുതന്നെയാണ് മാത്യുവുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്.
യൂത്ത് കോണ്‍ഗ്രസിന്റെ ദേശിയ നേതാവായ മാത്യൂവിന് സീറ്റ് ഉറപ്പാണെങ്കിലും പ്രാദേശികമായ വിയോജിപ്പുകള്‍ തടസമായേക്കും. കാലുമാറിയെത്തിയ യുവനേതാവിനെ അംഗീകരിക്കാന്‍ ഐ ഗ്രൂപ്പുകാരും തയ്യാറാവുന്നില്ല. അതിനിടയില്‍ വയലാര്‍ രവി ഗ്രൂപ്പും മാത്യുവിനെതിരെ പരാതിയുമായി രംഗത്തെത്തിയതോടെ സീറ്റിന്റെ കാര്യത്തില്‍ സംസ്ഥാന നേതൃത്വം പുനരാലോചനയ്ക്ക് തയ്യാറായേക്കും. ഇടുക്കി ജില്ലയില്‍ മാത്യു കുഴല്‍നാടനെ മത്സരിപ്പിക്കാന്‍ ഡിസിസി തയ്യാറാവില്ലെന്ന സൂചന ലഭിച്ചതോടെ പെരുമ്പാവൂര്‍ മണ്ഡലമാണ് മാത്യുവിന് വേണ്ടി നോക്കുന്നത്. പക്ഷെ പെരുമ്പാവൂരിലെ ഐ ഗ്രൂപ്പുകാര്‍ മാത്യുവിനെ അംഗീകരിക്കാനും തയ്യാറാകാത്തതും പുലിവാലാണ്.