മാത്യുമറ്റത്തിന്റെ മരണത്തില്‍ ഞാന്‍ എന്തുകൊണ്ട് ദുഃഖിക്കുന്നു? ഒരു വായനക്കാരന്റെ ഓര്‍മ്മക്കുറിപ്പ്

ഞാന്‍ അതീവ ദുഃഖിതനാണ്. മാത്യു മറ്റം എന്നത് എനിക്കു മുന്നില്‍ വെറുമൊരു പേരല്ല. എന്ന വായന പഠിപ്പിച്ചത്, വായനയിലേക്കു നയിച്ചത് അദ്ദേഹമായിരുന്നു. എന്നേപ്പോലെ അനേകായിരങ്ങളെ. ഒരു കാലത്ത് മലയാള മനോരമ ആഴ്ചപ്പതിനും മംഗളം വാരികയ്ക്കുമെല്ലാം സര്‍ക്കുലേഷന്‍ പത്തു ലക്ഷം കോപ്പികള്‍ക്കു മുകളില്‍ എത്തിച്ചതില്‍ മാത്യു മറ്റമെന്ന നാലക്ഷര പേരുകാരനുള്ള പങ്ക് ചെറുതല്ല. പക്ഷേ, ഇപ്പോള്‍ മനോരമയുടെ സൈറ്റ് തുറന്നു നോക്കുമ്പോള്‍ അതിലൊരു നാലുവരി വാര്‍ത്ത മാത്രമേയുള്ളു. നാളെ പത്രങ്ങളിലും സ്ഥിതി മറിച്ചാകില്ല.

ഇന്നലെയും അദ്ദേഹത്തെപ്പറ്റി ചില സുഹൃത്തുക്കളോട് സംസാരിച്ചതേയുള്ളു. കോട്ടയത്ത് ഒന്നു പോകണം, ഒരഭിമുഖം തയ്യാറാക്കണം. അഞ്ചുവര്‍ഷം മുന്‍പ് അദ്ദേഹവുമായി ഏതാനും മണിക്കൂറുകള്‍ സംസാരിച്ചിരുന്നു. Susmesh Chandroth Sahtiya Vaartha യും ഉണ്ടായിരുന്നു അന്ന് എന്റെ കൂടെ. അയ്യപ്പണ്ണന്‍ മരിച്ചതിന്റെ പിറ്റേന്നായിരുന്നു അത്. ഒരഭിമുഖമായിരുന്നു ലക്ഷ്യം. ജനപ്രിയ നോവല്‍ സാഹിത്യത്തിന്റെ ചരിത്രത്തില്‍ ഇടയ്‌ക്കൊരിടത്തുവച്ച് അദ്ദേഹത്തിന്റെ ജീവിതം കറുത്ത കാലമായി മാറിയിരുന്നു. അതേപ്പറ്റി എത്രചോദിച്ചിട്ടും ഒന്നും പറയാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. സ്വാഭാവികമായും ഞാന്‍ ആ അഭിമുഖം അക്ഷരങ്ങളിലാക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. അന്ന് ഇന്റര്‍വ്യൂ കഴിഞ്ഞ് ഇറങ്ങും മുന്‍പ് വയറുനിറയെ ചോറും കപ്പയും പോത്ത് ഉലര്‍ത്തിയതും കഴിപ്പിച്ചിട്ടാണ് അദ്ദേഹം വിട്ടത്. ഡ്രൈവറെ വച്ചോടിക്കുന്ന സ്വന്തം കാറില്‍ ഞങ്ങളെ കോട്ടയത്തുകൊണ്ടുവന്ന് വിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാള നോവല്‍ സാഹിത്യത്തില്‍ ജനപ്രിയമെന്താണ് ഉദാത്തമെന്താണെന്നും തിരിച്ചറിവില്ലാതിരുന്ന ബാല്യത്തില്‍, എട്ടാം വയസ്സിലാണെന്നു തോന്നുന്നു, ഞാന്‍ ‘കരിമ്പ്’ വായിക്കുന്നത്. മംഗളത്തിലാണ് അത് ഖണ്ഢശ്ശ വന്നിരുന്നത്. അമ്മ വായിച്ചു നെടുവീര്‍പ്പിടുന്നതുകണ്ടാണ് ആ നോവല്‍ വായിക്കാന്‍ തുടങ്ങിയത്. പിന്നീടത് സിനിമയായി. രതീഷായിരുന്നു നായകനെന്നു തോന്നുന്നു.
പിന്നെ, പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ 1991 മെയ് മാസം വരെ വായന മുടങ്ങിയില്ല. മംഗളം, മനോരമ, സഖി, ജനനി, മനോരാജ്യം, കണ്‍മണി, സുനന്ദ… ജനപ്രിയ വാരികകളുടെയും നോവലുകളുടെയും ഉര്‍വ്വരകാലമായിരുന്നു അത്. സ്‌കൂളില്‍ കൊണ്ടുപോയി പാഠപുസ്തകത്തിനിടയില്‍ ഒളിപ്പിച്ചുവച്ചും ഈ വാരികകള്‍ വായിച്ചിട്ടുണ്ട്, അക്കാലത്ത്. പരീക്ഷയുടെ ഇടവേളയില്‍പോലും വായിച്ചിരുന്നത് പാഠപുസ്തകമല്ല, മാത്യു മറ്റത്തിന്റെ നോവലായിരുന്നു. ഇത്തരത്തില്‍ വായനയോടുള്ള എന്റെ ആര്‍ത്തി മനസ്സിലാക്കിയ എട്ടാംക്ലാസിലെ മലയാള അദ്ധ്യാപിക ലതിക ടീച്ചറാണ് ഗൗരവമുള്ള വായനയിലേക്ക് എന്നെ നയിച്ചത്. പക്ഷേ, അതിലേക്കെത്താന്‍ വീണ്ടും രണ്ടുമൂന്നുവര്‍ഷം കൂടി വേണ്ടിവന്നു.

വാരിക വരുന്നതും കാത്തുകാത്തിരുന്ന തിങ്കളാഴ്ചകളും വെള്ളിയാഴ്ചകളും. സ്‌കൂള്‍ വിട്ടു വരുമ്പോഴേ അത് കയ്യില്‍ കിട്ടണം. വീട്ടിലെ വല്യച്ഛനുമായി പലവട്ടം വാരികയ്ക്കുവേണ്ടി വഴക്കിട്ടിരിക്കുന്നു. മഴവില്ല്, ആലിപ്പഴം (പാല്‍വില്‍പനയ്‌ക്കെത്തിയ പതിമൂന്നുകാരിയെ ബലാല്‍സംഗംചെയ്ത് ഗര്‍ഭിണിയാക്കിയ പ്രിന്‍സ് എന്ന ചിത്രകാരന്റെ കഥയായിരുന്നു അത്) , അഞ്ചു സുന്ദരികള്‍ (ലേഡീസ് ഹോസ്റ്റലില്‍ പാലുമായെത്തിയ കൗമാരക്കാരനെ ബലാല്‍സംഗം ചെയ്ത അഞ്ചു സുന്ദരികളുടെ കഥ. ചോക്ലേറ്റ് എന്ന സിനിമയില്‍ ലേഡീല് ഹോസറ്റല്‍ കാണുമ്പോള്‍ അവിടെയൊരു പാല്‍ക്കാരന്റെ വേക്കന്‍സിയുണ്ടാകുമോ എന്നന്വേഷിക്കുന്ന സലിംരാജിന്റെ കഥാപാത്രം ഈ നോവല്‍ വായിച്ചിരുന്നുവെന്നുറപ്പാണ്), രാത്രിയില്‍ വിശുദ്ധരില്ല, മെഡിക്കല്‍ കോളജ്, ലാസറിന്റെ മക്കള്‍… മാത്യു മറ്റം എന്ന നാലക്ഷര പേരുകാരന്‍ സമ്മാനിച്ച നോവലുകളില്‍ ചിലതുമാത്രമായിരുന്നു അത്. സുധാകര്‍ മംഗളോദയം, കമലാ ഗോവിന്ദ്, ജോയ്‌സി, ഇഗ്‌നേഷ്യസ് കലയന്താനി, ഗിരിജാ ശങ്കര്‍, ബാറ്റണ്‍ ബോസ്, ഏറ്റുമാനൂര്‍ ശിവകുമാര്‍, കോട്ടയം പുഷ്പനാഥ്… ആ പേരുകള്‍ക്കിടയിലെല്ലാം മാത്യു മറ്റം എന്ന പേരിനുള്ള ഇടം ഒന്നു വേറേയായിരുന്നു. ഒരു നോവല്‍ തീരുമ്പോള്‍തന്നെയാണ് അതേ നോവലിസ്റ്റിന്റെ മറ്റൊരു നോവല്‍ തുടങ്ങുക. ഒരേസമയം, പല വാരികകളില്‍ ഈ പ്രതിഭാസം ഉണ്ടാകും.

ഇടക്കാലത്ത് മാത്യു മറ്റം മനോരമയുമായി തെറ്റി. അങ്ങിനെയാണ് മാത്യു മറ്റത്തെ നേരിടാന്‍ ജോസി വാഗമറ്റം എന്ന പേര് ഉണ്ടാകുന്നത്. ജോയ്‌സി ആയിരുന്നു ആ പേരിനു പിന്നില്‍. പേരിലൊരു മറ്റം ഉണ്ടാകണമെന്നേ അവര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നുള്ളു. അത് ഹിറ്റായി. മാത്യു മറ്റം പതിയെ ചിത്രത്തില്‍ നിന്നു പുറത്തായി. ഒരേ കഥ. പേരും സാഹചര്യങ്ങളും മാത്രം മാറും. മാത്യു മറ്റത്തെ ജനപ്രിയ കഥാസാഹിത്യത്തില്‍ നിന്നു പതിയെ നിഷ്‌കാസനം ചെയ്തത് അതായിരിക്കണം. കൈവിഷം എന്ന നോവലായിരുന്നു അവസാനം വന്നതെന്നു തോന്നുന്നു. പല ജനപ്രിയ നോവലിസ്റ്റുമാരും വ്യാജപേരുകളില്‍ എഴുതിയിരുന്നെങ്കിലും മാത്യു മറ്റം ഒരിക്കലും അങ്ങിനെ ചെയ്തിരുന്നില്ല.

നീണ്ടൊരിടവേളയ്ക്കുശേഷം മനോരമ ആഴ്ചപ്പതിപ്പില്‍ ‘കിഴക്കന്‍ കാറ്റ്’ എന്ന നോവലെഴുതി മാത്യു മറ്റും തിരിച്ചുവന്നെങ്കിലും ക്ലിക്കായില്ല. ആ സമയത്ത് കട്ടപ്പന മനോരമയുടെ പഴയ ബ്യൂറോ മുറിയിലേക്ക് ഒരു ദിവസം മാത്യു മറ്റം കയറിവന്നു. നിറഞ്ഞ ചിരിയുമായി വന്ന ആ കുറിയ മനുഷ്യനെ ഞങ്ങളാരും തിരിച്ചറിഞ്ഞില്ല. അറിയുമോ എന്നു ചോദിച്ചു. ഇല്ലെന്നു മറുപടി പറഞ്ഞപ്പോള്‍ കുറേനേരം ചിരിച്ചുകൊണ്ടിരുന്നു. പിന്നെ പറഞ്ഞു, ‘ഞാന്‍ മാത്യു മറ്റ’മാണ്. കയറിവന്നത് എം ടിയോ സക്കറിയയോ ടി. പത്മനാഭനോ ആയിരുന്നെങ്കില്‍ ഞാന്‍ തിരിച്ചറിഞ്ഞേനെ. പക്ഷേ, എന്നെ വായനയിലേക്കു നയിച്ച ആ മനുഷ്യനെ മാത്രം തിരിച്ചറിയാന്‍ എനിക്കു സാധിക്കാതെപോയത് വല്ലൊത്തൊരു വൈരുദ്ധ്യമായിരുന്നു.

മാത്യു മറ്റം രചിച്ച നോവലുകളുടെ എണ്ണം ആയിരക്കണക്കിനു വന്നേക്കാം. പക്ഷേ, കാലത്തെ അതിജീവിച്ചും വായിക്കപ്പെടാന്‍ അതിലൊന്നിനുപോലും വിധിയുണ്ടാകാതെപോയി. അടൂര്‍ ഭാസിയുടെ സഹോദരന്‍ പത്മന്‍ സാര്‍ മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന കാലമായിരുന്നു മാത്യു മറ്റത്തിന്റെ നല്ലകാലം. പ്രതിഫലം കൂടാതെ ടി.വിയും ഫ്രിഡ്ജും ഉള്‍പ്പെടെ വീട്ടിലേക്കാവശ്യമായ എന്തുസാധനവും പറയുന്ന സമയത്ത് എത്തിച്ചുകൊടുക്കാന്‍ മംഗളവും മനോരമയും അക്കാലത്ത് മല്‍സരിച്ചിരുന്നുവെന്ന് മാത്യു മറ്റം പറഞ്ഞിട്ടുണ്ട്. പിന്നീട് അതൊക്കെ ഒന്നൊന്നായി ഇല്ലാതായി.

ഭക്തിമാര്‍ഗത്തിലേക്കു തിരിഞ്ഞ മാത്യുമറ്റം ആ വഴിയിലെഴുതിയ നോവലുകള്‍ പുസ്തകമാക്കി കൊണ്ടുനടന്നു വിറ്റ് ഉപജീവനം കഴിച്ച കാലവുമുണ്ടായി അവസാനം. അതിലൊരു പുസ്തകം മാത്യുമറ്റം എനിക്കു തന്നത് ഇപ്പോഴും വായിക്കാതെ പുസ്തകഷെല്‍ഫിലുണ്ട് ‘മഹാപാപി’.
കേരളം സമ്പൂര്‍ണ സാക്ഷരതയിലേക്ക് പിച്ചവച്ച കാലത്ത് ഈ വാരികകളും മാത്യുമറ്റത്തിന്റെ നോവലുകളും സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം ചെറുതാണെന്നു ഞാന്‍ കരുതുന്നില്ല. ഒരു സാമൂഹ്യവിപ്ലവത്തിന് പരോക്ഷമായി പങ്കാളിത്തം വഹിക്കാന്‍ സാധിച്ച നോവലിസ്റ്റായിരുന്നു മാത്യു മറ്റം. പക്ഷേ, അതൊന്നും അംഗീകരിക്കപ്പെടാതെ ഔദ്യോഗിക ബഹുമതികള്‍ യാതൊന്നുമില്ലാതെ മാത്യുമറ്റവും കാലയവനികയ്ക്കുള്ളിലേക്ക് മറയുകയാണ്.
വിട, പ്രിയപ്പെട്ട എഴുത്തുകാരാ….

Top