മന്ത്രി മാത്യു ടി തോമസിന്റെ അംഗരക്ഷകനായ പോലീസ് ഉദ്യോഗസ്ഥന്‍ സുജിത് സഹദേവന്റേത്(27) ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തു നിന്നും പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. പ്രണയ പരാജയത്തെ തുടര്‍ന്നാണ് സുജിത്ത് ജീവനൊടുക്കിയതെന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്. കടയ്ക്കലിന് അടുത്ത് കോട്ടുക്കലില്‍ തന്നെയുള്ള ഒരു പെണ്‍കുട്ടിയുമായി സുജിത്ത് ഏറെ നാളായി പ്രണയത്തിലായിരുന്നു.
ഇരുവരും ഒന്നിച്ച് ജീവിക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പെണ്‍കുട്ടി തീരുമാനത്തില്‍ നിന്നു പിന്മാറി. ഇതു മൂലമുള്ള മനോവിഷമത്തിലാണ് സുജിത്ത് ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞയാഴ്ചയാണ് കഴിഞ്ഞത്. അതിനാല്‍ മാനസികമായി സുജിത് ഏറെ തകര്‍ന്നിരുന്നുവെന്ന് സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞു.
‘അവളില്ലാത്ത ഒരു ജീവിതം സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുന്നില്ല. എല്ലാ എതിര്‍പ്പുകളും മറികടന്ന് എന്റെ ഒപ്പം വരുമെന്ന് പറഞ്ഞിട്ടും അവസാനം എന്നെ അവഗണിച്ചു കളഞ്ഞു. അവളില്ലാത്ത ജീവിതം ഇനി എനിക്ക് വേണ്ട’ എന്നായിരുന്നു സുജിത്ത കുറിപ്പില്‍ എഴുതിയിരുന്നത്. ഇന്നലെ രാവിലെ ഏഴോടെയാണു സംഭവം. കടയ്ക്കലുള്ള വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ ഇരു കൈത്തണ്ടയിലെയും ഞരമ്പുകള്‍ മുറിച്ച ശേഷം തലയ്ക്കു സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചു വെടിവയ്ക്കുകയായിരുന്നുവെന്നാണു പൊലീസ് റിപ്പോര്‍ട്ട്.
രാവിലെ വെടിയൊച്ച കേട്ടതിനെ തുടര്‍ന്നു പരിഭ്രാന്തരായ മാതാപിതാക്കളും സഹോദരനും ചേര്‍ന്നു മുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നു പൊലീസെത്തി പൂട്ടു പൊളിച്ച് അകത്തു കയറി സുജിത്തിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചെവിയുടെ ഭാഗത്താണു വെടിയേറ്റിരിക്കുന്നത്. തിരുവനന്തപുരം സിറ്റി എആര്‍ ക്യാംപിലെ പൊലീസുകാരനായ സുജിത്തിനെ 6 മാസം മുന്‍പാണു മന്ത്രിയുടെ സുരക്ഷാചുമതലയില്‍ നിയമിച്ചത്. ഡ്യൂട്ടി കഴിഞ്ഞു തിങ്കളാഴ്ച രാത്രിയാണു സുജിത്ത് വീട്ടില്‍ എത്തിയത്.
ഡ്യൂട്ടി സമയത്ത് ഉപയോഗിക്കേണ്ട റിവോള്‍വര്‍ സുജിത്തിന്റെ മുറിക്കകത്തു കണ്ടെത്തി. കൈ ഞരമ്പ് അറുത്ത ശേഷം സ്വയം വെടിവച്ചു ജീവനൊടുക്കിയെന്നാണു പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ഡ്യൂട്ടി സംബന്ധമായി മാത്രം ഉപയോഗിക്കേണ്ട സര്‍വീസ് റിവോള്‍വര്‍ വീട്ടില്‍ കൊണ്ടുവന്നതു സുരക്ഷാവീഴ്ചയാണെന്നു പൊലീസിലെ ഉന്നതര്‍ പറയുന്നു.