തിരുവനന്തപുരം: മാതൃഭൂമി പത്രത്തില്‍ വിവാദമായ കുറിപ്പ് പ്രസിദ്ധകരിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ സംഘടനകളില്‍ നിന്ന് ആക്രമണം ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ്. നേരത്തെ മധ്യ കേരളത്തിലും കോഴിക്കോടും ആക്രമണം നടത്തിയ സംഘടനയാണ് രഹസ്യം നീക്കം നടത്തുന്നായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. തൃശൂര്‍ ജില്ലയിലെ മതിലകം പോലീസ് സ്്‌റ്റേഷന്‍ പരിധിയിലും വിവാദമായ ചേകനൂര്‍ കേസിലും ഈ സംഘടനയുടെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും ഈ സംഘടനയെ കുറിച്ച് കാര്യമായ വിവരങ്ങള്‍ പോലീസിന്റെ പക്കലില്ല.
നേരത്തെ മതിനിന്ദ നടത്തിയെന്നാരോപിച്ചാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയത്. ഈ കേസില്‍ യാതൊരു തുമ്പും പോലീസിന് ലഭിച്ചിട്ടില്ല. ചേകനൂര്‍ മൗലവി കേസിലും ഇത് തന്നെയാണ് അവസ്ഥ. ഗുരുതരമായ വീഴ്ച്ച വരുത്തിയതിന്റെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പരസ്യമായി തന്നെ വധ ഭീഷണി മുഴക്കിയം ചില സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അതേ സമയം രഹസ്യ നീക്കം നടത്തുന്ന സംഘടനയുടെ ഇടപെടല്‍ ഇക്കാര്യത്തിലും ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്.
പത്രം മാപ്പുപറഞ്ഞതിനെത്തുടര്‍ന്ന് മാനേജ്‌മെന്റുമായുള്ള പ്രശ്‌നം അവസാനിച്ചെങ്കിലും വിവാദമായ ഭാഗം പ്രസിദ്ധീകരിക്കുന്നതിന് നേതൃത്വം നല്‍കിയ പത്രപ്രവര്‍ത്തകരെ വെറുതെവിടില്ലെന്ന നിലപാടിലാണ് ഭീഷണി ഉയര്‍ത്തിയ സംഘടനകള്‍. മൂവാറ്റുപുഴയില്‍ കൈവെട്ടിനിരയായ പ്രൊഫ. ടി.ജെ. ജോസഫിന്റെ അനുഭവമാണ് ഈ പത്രപ്രവര്‍ത്തകരെ കാത്തിരിക്കുന്നതെന്ന് ഫോണില്‍ ചിലര്‍ പത്രമോഫീസില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ രേഖാമൂലം പരാതിപ്പെടാന്‍ ഇതുവരെ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.
മാനേജ്‌മെന്റിന്റെ ഈ നിലപാടില്‍ മാതൃഭൂമി ജീവനക്കാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കുമിടയില്‍ കടുത്ത പ്രതിഷേധം പുകയുകയാണ്. നടപടി നേരിട്ട മൂന്ന് പത്രപ്രവര്‍ത്തകരും കഴിഞ്ഞ ദിവസം വീടുകളിലേക്ക് മടങ്ങിയിരുന്നു. ഇന്നലെ പോലീസ് നിര്‍ദ്ദേശമനുസരിച്ച് മാനേജ്‌മെന്റ് പ്രതിനിധികളെത്തി ഇവരോട് രഹസ്യകേന്ദ്രത്തിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം. അതിനിടെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുമായി മാനേജ്‌മെന്റ് ചില ദൂതന്മാര്‍ മുഖേന രഹസ്യമായി അനുരഞ്ജന ചര്‍ച്ച നടത്തി. ഇതോടെ പ്രതിഷേധം പിന്‍വലിച്ചതായി സംഘടനകള്‍ അറിയിച്ചു. അതേസമയം നടപടി നേരിടേണ്ടിവന്ന മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഒരിക്കലും പുറത്ത് വിടരുതെന്ന് സഹപ്രവര്‍ത്തകരോടും മാനേജ്‌മെന്റിനോടും പോലീസ് ആവശ്യപെട്ടിട്ടുണ്ട്.