കൊച്ചി: മലയാളിയായ ഭാര്യയുമായി വിവാഹമോചനക്കേസ് നടക്കുന്നതിനിടെ മകനുമായി സ്ഥലംവിട്ട ബ്രിട്ടീഷുകാരനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് പോലീസ്. ഇയാള്‍ നേപ്പാള്‍ വഴി ഇന്ത്യ വിട്ടെന്ന സംശയവും ബലപ്പെടുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ കറങ്ങിയതായി സൂചന ലഭിച്ചെങ്കിലും അതിനപ്പുറം അന്വേഷണം എങ്ങുമെത്തുന്നില്ല. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാത്തതിനാല്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയുന്നില്ല.
കൊച്ചിയിലെ ഹോംസ്റ്റേയില്‍നിന്നാണ് ഡിസംബര്‍ 31 ന് ജയിംസ് റോബര്‍ട്ട് എഡ്വേര്‍ഡ് പിയേഴ്സ് അഞ്ചു വയസുള്ള മകനുമായി മുങ്ങിയത്. കുട്ടിയുമായി രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളിലും മറ്റും ലുക്കൗട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബ്രിട്ടീഷ് ഹൈക്കമ്മിഷനിലും വിവരങ്ങള്‍ അറിയിച്ചു. കേസിനായി പാസ്പോര്‍ട്ട് കോടതിക്ക് കൈമാറിയിരുന്നു. ഗോവയിലേക്ക് പോകുമെന്നല്ലാതെ അഭിഭാഷകനെയും ഒന്നും അറിയിച്ചിട്ടില്ല. കാറും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പുതുവര്‍ഷം ആഘോഷിക്കാന്‍ ഗോവയ്ക്ക് പോകുന്നതായി ഹോംസ്റ്റേയില്‍ അറിയിച്ചിരുന്നു. റെന്റ് എ കാറില്‍ നിന്ന് വാടകയ്ക്കെടുത്ത കാറിലായിരുന്നു യാത്ര. കൊല്ലം സ്വദേശി അന്ന മാത്യൂസാണ് ജയിംസ് റോബര്‍ട്ടിന്റെ ഭാര്യ. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും അകന്നു. കൊല്ലം കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് കേസ് നടക്കുകയാണ്. അഞ്ചു ദിവസത്തേയ്ക്ക് കോടതിയില്‍ നിന്ന് മകനെ വാങ്ങിയശേഷമാണ് സ്ഥലംവിട്ടത്. തിരികെ വരാത്തതിനെ തുടര്‍ന്ന് അന്ന മാത്യൂസ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗോവയിലെത്തിയ മട്ടാഞ്ചേരി പൊലീസ് വിശദമായി അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
മൊബൈല്‍ ഫോണിന്റെ സിഗ്നല്‍ ആന്ധ്രപ്രദേശ്, കര്‍ണാടകം, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു. ദിവസങ്ങളായി ജെയിംസ് ഫോണ്‍ ഉപയോഗിക്കുന്നുമില്ല. ഇ- മെയില്‍ ഉള്‍പ്പെടെ ഉപയോഗിക്കാത്തതിനാല്‍ കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. വിജയന്‍ പറഞ്ഞു.