കോഴിക്കോട്: പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസറ്റുകളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. മരണത്തില്‍ സംശമുണ്ടെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിനുശേഷം മാത്രമേ മൃതദേഹം ഏറ്റെടുക്കുകയുള്ളൂവെന്ന നിലപാടിലാണ് ബന്ധുക്കള്‍.
അതിനിടെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപിയില്‍ നിന്നും വിശദീകരണം തേടി. രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പിക്കണം. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുമുണ്ട്. പൊതുപ്രവര്‍ത്തകന്‍ പികെ രാജുവിന്റെ പരാതിയിലാണ് നടപടി. കുപ്പു സ്വാമിയുടെ സഹോദരന്റെയും അജിതയുടെ ബനധുക്കളുടെയും അപേക്ഷ പ്രകാരം തിങ്കളാഴ്ച്ച അര്‍ധരാത്രി വരെ മൃതദേഹം സൂക്ഷിക്കിക്കാമെന്ന് അധികൃതര്‍ അറിയിച്ചതായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ തുഷാര്‍ നിര്‍മല്‍ സാരഥി അറിയിച്ചു.
ബന്ധുക്കളുടെ അപേക്ഷ പ്രകാരം തിങ്കളാഴ്ച്ച വരെ മൃതദേഹങ്ങള്‍ സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അതിന് ശേഷം മറ്റു നടപടികള്‍ സ്വീകരിക്കും. നിലമ്പൂര്‍ സംഭവം സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും അഡ്വ. തുഷാര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് മുമ്പ് മൃതദേഹം കണ്ടുവെന്നും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്നാണ് കരുതുന്നതെന്നും കുപ്പു ദേവരാജിന്റെ സഹോദരന്‍ വ്യക്തമാക്കി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്നത് വരെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റു നിയമനടപടികള്‍ ആലോചിക്കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. കുപ്പു സ്വാമിയുടെ അമ്മയും കോഴിക്കോട് എത്തിയിട്ടുണ്ട്.
അതിനിടെ, ഏറ്റുമുട്ടല്‍ കൊലയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പോരാട്ടം പ്രവര്‍ത്തകര്‍ മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധിച്ച പോരാട്ടം പ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്നും അവിചാരിതമായാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ പറഞ്ഞു. നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകള്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമായിരിക്കെയാണ് മലപ്പുറം എസ്പിയുടെ വിശദീകരണം.
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍ അല്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മാവോയിസ്റ്റ് താവളം വളഞ്ഞ് പൊലീസ് നടത്തിയ വെടിവയ്പിലാണ് സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗമായ കുപ്പു ദേവരാജ്, കാവേരി എന്ന അജിത എന്നിവര്‍ കൊല്ലപ്പെട്ടതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ദേവരാജിന്റെ മൃതദേഹത്തിനു സമീപം ഒരു കൈത്തോക്ക് കിട്ടിയതല്ലാതെ മാവോയിസ്റ്റ് താവളത്തില്‍ നിന്ന് മറ്റ് ആയുധങ്ങളൊന്നും കിട്ടിയിട്ടില്ല.