
സ്വന്തം ലേഖകൻ
കോട്ടയം: പതിനാറു വർഷത്തിനുശേഷം ഗർഭംധരിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായി മരിച്ച യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തു.സംസ്‌ക്കാരം ഇന്ന് 12 പരത്തുംപാറ സെമിത്തേരിയിൽ. ചങ്ങനാശേരി മാമ്മൂട് പള്ളിക്കുന്നേൽ ജേക്കബ് ജോണിന്റെ ഭാര്യ ജ്യോതിമോൾ (36) ആണു വ്യാഴ്ാഴ്ച വൈകുന്നേരം മരിച്ചത്. ജ്യോതിയുടെ മൂന്ന് ആൺകുഞ്ഞുങ്ങളിൽ ഒരു കുഞ്ഞ് ഗർഭാവസ്ഥയിലും മറ്റൊരു കുഞ്ഞ് ശസ്ത്രക്രിയയ്ക്കുശേഷവും മരിച്ചു. കഴിഞ്ഞ പത്തിനായിരുന്നു ശസ്ത്രക്രിയ. തുടർന്ന് പത്തു ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ജ്യോതിമോൾ.
ഇന്നലെ രാവിലെ കോട്ടയം ഡിവൈഎസ്പി ബിജു കെ സ്റ്റിഫന്റെ ഇൻക്വസ്റ്റ് തയ്യാറാക്കി. തുടർന്നായിരുന്നു പോസ്റ്റ് മോർട്ടം.ബന്ധുക്കൾ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് ജ്യോതി മരിച്ചതെന്നു കാട്ടി രേഖാമൂലം ജില്ലാകഌർക്ക് പരാതി നല്കിയതിനെ തുടർന്ന കോട്ടയം ഡിവൈഎസ്പി അന്വേഷണം നടത്താൻ നിർദേശം നല്കി.ജ്യോതിമോളുടെ ഭർത്താവിനെ ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരിട്ട് വിളിച്ച് സംഭവത്തെ കുറിച്ച് അന്വേഷിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ നടപടി കൈകൊള്ളാമെന്ന് അറിയിച്ചു.
ആർപ്പുക്കര പാറപ്പുറം ചാമക്കാലയിൽ കുടുംബാഗമാണ് ജ്യോതിമോൾ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഒരു മണിക്കൂർ ഇവിടെ പൊതു ദർശനത്തിന് വച്ച ശേഷം മാമ്മുട്ടിലെ വിട്ടിലേയ്ക്ക് കൊണ്ടു പോയി.