പുതിയ എംഡിയുടെ കീഴില്‍ ആനവണ്ടി പുത്തനുണര്‍വ്വിലേയ്ക്ക്; ക്ലീന്‍ കെഎസ്ആര്‍ടിസി ഗ്രീന്‍ കെഎസ്ആര്‍ടിസി പദ്ധതിക്ക് തുടക്കമായി

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും എന്ന് പറയുന്നത് ഇതിനെയാണ്‌. കെഎസ്ആര്‍ടിസിയെ ലാഭത്തിലേയ്ക്ക് നയിക്കുന്നതിനായി തന്റെ സര്‍വ്വശേഷിയും ഉപയോഗിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് പുതിയ എംഡി. രാജമാണിക്യത്തിന്റെ നേതൃത്വത്തിന്‍ ബസ്റ്റാന്റുകളെ മോടി പിടിപ്പിക്കാന്‍ ഉളള ശ്രമമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര ഡിപ്പോയില്‍ ആരംഭിച്ചത്.

അഴുക്കിന്റെയും വൃത്തിയില്ലായ്മയുടെയും ദുര്‍ഗന്ധത്തിന്റെയുമൊക്കെ കേന്ദ്രങ്ങളാണ് സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകള്‍ എന്നു പറഞ്ഞാല്‍ തെറ്റാകില്ല. കോടികള്‍ മുടക്കി വന്‍ കെട്ടിടസമുച്ചയങ്ങള്‍ കെട്ടിപ്പൊക്കിയിരിക്കുന്ന സ്ഥലങ്ങളിലെ വരെ സ്ഥിതി ഇതാണ്. കൃത്യമായ പരിപാലനമില്ലാത്തതിനാല്‍ പൊടിയും അഴുക്കും വെള്ളക്കെട്ടുമൊക്കെയാണ് ബഹുഭൂരിപക്ഷം കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡുകളിലും എത്തുന്ന യാത്രക്കാരെ വരവേല്‍ക്കുക. വഴിപാടു പോലെ വന്നു പോകുന്ന ഉദ്യോഗസ്ഥരാണ് ഇതിനൊക്കെ പ്രധാന കാരണക്കാര്‍. ബസ് സ്റ്റാന്‍ഡും ബസുകളും എങ്ങനെ കിടന്നാലും ഞങ്ങള്‍ക്കൊന്നുമില്ലെന്ന അവരുടെ ശ്രദ്ധക്കുറവും ജാഗ്രതക്കുറവുമൊക്കെയാണ് ഈ അവസ്ഥയ്ക്കു പ്രധാന കാരണം. കോര്‍പറേഷനു പുതിയ എംഡി എത്തിയതോടെ കാര്യങ്ങള്‍ക്കൊക്കെ ചില്ലറ മാറ്റങ്ങളുണ്ടാവുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെയാണ് കെ എസ് ആര്‍ ടി സിയെ കൂടുതല്‍ ഭംഗിയുള്ളതാക്കാന്‍ എംഡി രാജമാണിക്യം ഇറങ്ങിത്തിരിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര ഡിപ്പോയിലാണ് ആദ്യം എത്തിയത്. സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തുള്ള ഡിപ്പോയില്‍ ക്ലീന്‍ കെഎസ്ആര്‍ടിസി ഗ്രീന്‍ കെഎസ്ആര്‍ടിസി പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ എംഡിയെ വരവേറ്റതാകട്ടെ അഴുക്കും വൃത്തികേടും മാത്രമല്ല, എണ്ണിയാലൊടുങ്ങാത്ത ബിയറിന്റെയും മദ്യത്തിന്റെയും കുപ്പികളായിരുന്നു. പൊതു ഇടം സ്വന്തം ഭവനംപോലെ കരുതണമെന്ന സന്ദേശം നല്‍കുന്ന പരിപാടിക്കെത്തിയ രാജമാണിക്യം കുപ്പിക്കാഴ്ച കണ്ടു ഞെട്ടി.

കെഎസ്ആര്‍ടിസി ബസുകളും ബസ് സ്റ്റാന്‍ഡ് പരിസരവും ക്ലീനാക്കാന്‍ എംഡിയും ചേരുകയായിരുന്നു. തൂമ്പയും ചൂലുമെടുത്ത് അദ്ദേഹവും ജീവനക്കാരുടെയും നാട്ടുകാരുടെയും ഒപ്പം ചേരുകയായിരുന്നു. അതിനിടയിലാണ് സ്റ്റാന്‍ഡിന്റെ പരിസരങ്ങളില്‍ വന്‍തോതില്‍ കുപ്പിക്കൂമ്പാരം കണ്ടെത്തിയത്. ബീയര്‍ കുപ്പികളുടെ വന്‍ കൂമ്പാരവും ചെറിയ മദ്യക്കുപ്പികളുമായിരുന്നു ഇത്. ഇവയും കൂട്ടയിലാക്കി എംഡിതന്നെ മാറ്റി. ഒപ്പം ജീവനക്കാരെ നോക്കി ഒരു ചോദ്യവും. ‘ഇതൊക്കെ യാത്രക്കാര്‍ സ്റ്റാന്‍ഡില്‍ ഇരുന്നു കുടിച്ചതാണോ?’ അല്ലെന്നും റോഡിനു പുറത്തുനിന്നു രാത്രി കാലങ്ങളില്‍ മദ്യപിക്കുന്നവര്‍ മതിലിനു പുറത്തുകൂടി ഇടുന്നതാണെന്നും ജീവനക്കാരുടെ മറുപടി.

ഇതെല്ലാം കണ്ടു നിന്ന യാത്രക്കാര്‍ ഉടന്‍ എംഡിയോട് മറ്റൊരു രഹസ്യം പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍നിന്നു പുറപ്പെടുന്ന പല ബസുകളിലെയും ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും പകല്‍ സമയവും മദ്യലഹരിയിലായിരിക്കുമെന്ന്. പലപ്പോഴും പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാറില്ലെന്നു കൂടി യാത്രക്കാര്‍ പറഞ്ഞതോടെ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാം ഞാന്‍ ശരിയാക്കുമെന്നൊരു മുഖഭാവവുമായി എംഡി ക്ലീനിങ് തുടര്‍ന്നു. കെഎസ്ആര്‍ടിസി തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ ബസ് സ്റ്റാന്‍ഡുകളും ഡിപ്പോകളും ബസുകളും വൃത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

എംഡിയായി ചുമതലയേറ്റശേഷം കെഎസ്ആര്‍ടിസിയുടെ മുഖം മാറ്റത്തിനുള്ള ശ്രമമാണ് എംഡി രാജമാണിക്യത്തിന്റെ ഭാഗത്തുനിന്നുള്ളത്. സര്‍വീസുകള്‍ കാര്യക്ഷമമായി നടത്തിയും തിരക്കുള്ള റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തിയും കോര്‍പറേഷന്റെ നഷ്ടം ഇല്ലാതാക്കുകയാണ് രാജമാണിക്യം ലക്ഷ്യമിടുന്നത്. പൊതുജനങ്ങള്‍ക്കും ക്ലീന്‍ കെഎസ്ആര്‍ടിസി ഗ്രീന്‍ കെഎസ്ആര്‍ടിസി പദ്ധതിയുടെ ഭാഗമാകാം. കെഎസ്ആര്‍ടിസിയുടെ സേവനങ്ങള്‍ പൊതു ജനങ്ങളിലേക്കെത്തിക്കാന്‍ സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പൊതു ജനങ്ങള്‍ മൂന്നോട്ടുവയ്ക്കുന്ന ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും കെഎസ്ആര്‍ടിസി നടപ്പാക്കും. ഉടന്‍തന്നെ സംസ്ഥാനത്തെ മറ്റു ഡിപ്പോകളിലും സൗന്ദര്യവല്‍കരണ പദ്ധതികള്‍ തുടങ്ങുമെന്നും എംഡി അറിയിച്ചു.

Top