മക്ക: ഹജ്ജ് കര്‍മത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും പുനപ്പരിശോധിക്കാനും അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ നിര്‍ദേശിക്കാനും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനായ സൗദി രാജാവ് ഉത്തരവിട്ടു.വ്യാഴാഴ്ച മിനായിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം.
അപകടം സംബന്ധിച്ച അന്വേഷണത്തിന് വ്യാഴാഴ്ചതന്നെ സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുള്‍ അസീസ് വിളിച്ചുചേര്‍ത്ത മന്ത്രിമാരുടെയും ഉന്നതതല നേതാക്കളുടെയും യോഗം തീര്‍ഥാടനത്തിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. രാജാവ് ആവശ്യപ്പെട്ട പരിശോധനാ റിപ്പോര്‍ട്ടും ദുരന്തം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടും എത്രയും പെട്ടെന്ന് സമര്‍പ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഹജ്ജിന് വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കായി സൗദി അറേബ്യ നിര്‍ദേശിച്ച ക്വാട്ട സമ്പ്രദായം മാറ്റാന്‍ ഉദ്ദേശമില്ലെന്ന് ഹജ്ജ്കാര്യ മന്ത്രി ബന്ദര്‍ അല്‍ ഹജ്ജാര്‍ അറിയിച്ചു. ഹജ്ജിനുള്ള ക്വാട്ട നിര്‍ത്തലാക്കാന്‍ പോകുന്നു എന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ലോക മുസ്ലിങ്ങളില്‍ ആയിരം പേര്‍ക്ക് ഒരാള്‍ എന്ന രീതിയിലാണ് ഹജ്ജിനുള്ള വിവിധ രാജ്യങ്ങള്‍ക്കുള്ള ക്വാട്ട നിശ്ചയിക്കുന്നത്. അതിന് മാറ്റം വരുത്താന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.