മാധ്യമപ്രവർത്തകരെ ആക്രമിച്ചത് ആർഎസ്എസ് കായിക പരിശീലകൻ: തിരുവനന്തപുരം സ്വദേശി വിഷ്ണു പാലക്കാട് എത്തിയത് ആക്രമണം ലക്ഷ്യമിട്ട്

സ്വന്തം ലേഖകൻ

പാലക്കാട്: ഒറ്റപ്പാലത്ത് കോടതി വളപ്പിൽ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ച ആർഎസ്എസ് പ്രവർത്തകൻ വിഷ്ണു മുപ്പതിലേറെ കേസുകളിൽ പ്രതിയെന്നു പൊലീസ്. സംസ്ഥാനത്തെമ്പാടും ആർഎസ്എസിന്റെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന കായിക പരിശീലന വിഭാഗത്തിന്റെ സംഘപ്രമുഖാണ് വിഷ്ണുവെന്നും പൊലീസ് പറയുന്നു. തിരുവനന്തപുരം വട്ടിയൂർക്കാവ് അയ്യപ്പൻ കോവിൽ സ്വദേശി വിഷ്ണു ആർഎസ്എസിന്റെ സംസ്ഥാനത്തെ ആക്രമണങ്ങളെല്ലാം ആസൂത്രണം ചെയ്യുന്ന പ്രമുഖനാണെന്നാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ട്. വധശ്രമം അടക്കം നിരവധിക്കേസുകളിൽ ഇയാൾ പ്രതിയാണ്. ആർഎസ്എസ് ഗുണ്ടാ പരിശീലനകനായി ഒറ്റപ്പാലത്ത് കഴിയുന്ന വിഷ്ണുവിനെതിരെ എറണാകുളം ഞാറയ്ക്കൽ പോലീസ് സ്‌റ്റേഷനിൽ കേസ് നിലവിലുണ്ട്.
പാലക്കാട് ജില്ലയിലെ സിപിഎം സ്വാധീനകേന്ദ്രങ്ങളിൽ ബിജെപിക്ക് കായികശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് തിരുവനന്തപുരം വട്ടിയൂർക്കാവു സ്വദേശിയായ വിഷ്ണുവിനെ ഒറ്റപ്പാലത്തു പ്രചാരകനായി നിയോഗിച്ചത്. പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളെ അമർച്ച ചെയ്ത് ബിജെപിയുടെ മേൽ ആർഎസ്എസിന്റെ നിയന്ത്രണം പൂർണ്ണമായും ഉണ്ടെന്ന് ഉറപ്പിക്കുകയും ലക്ഷ്യമായിരുന്നു.
2015 മെയ് 15 ന് ബീച്ച് പരിസരത്ത് അനധികൃതമായി കായിക പരിശീലനം നടത്തിയതിനെ ചോദ്യം ചെയ്ത അന്നത്തെ ഞാറയ്ക്കൽ സബ് ഇൻസ്‌പെക്ടറെ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം മർദ്ദിക്കുകയായിരുന്നു. കണ്ണൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നവരാണ് തങ്ങളെന്നും ഇക്കാര്യത്തിൽ പോലീസല്ല ആര് തടഞ്ഞാലും പ്രശ്‌നമില്ലെന്നും വെല്ലുവിളിച്ചാണ് വിഷ്ണുവിന്റെ നേതൃത്വത്തിൽ അന്ന് എസ്‌ഐയെ മർദ്ദിച്ചത്. പോലീസ് ജീപ്പ് തല്ലിത്തകർത്ത അക്രമികൾ സബ് ഇൻസ്‌പെക്ടറുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും നെയിം പ്ലേറ്റ് നശിപ്പിക്കുകയും ചെയ്തിരുന്നു. ഐപിസി 353, കെപിഎ 73 എന്നിവ പ്രകാരമാണ് അന്ന് ഞാറയ്ക്കൽ പോലീസ് വിഷ്ണുവിനെതിരെ കേസെടുത്തത്.
ഒറ്റപ്പാലം അക്രമസംഭവത്തിലെ പ്രതികളായ വിഷ്ണുവും പട്ടാമ്പി ഓമല്ലൂർ സ്വദേശി മോനുവും ഒളിവിലാണ്. ആർഎസ്എസ് സംഘടനയുടെ സഹായത്തോടെയാണ് ഇവർ ഒളിവിൽ കഴിയുന്നതെന്നാണ് പോലീസ് പറയുന്നത്. അക്രമത്തിനു ശേഷം അവിടെ നിൽക്കുന്ന പോലീസുകാരോട് അക്രമികൾ സംസാരിച്ചുവെന്നും മാധ്യമപ്രവർത്തകർ പറയുന്നു.
കോടതിയിലേക്ക് പ്രതികളെ കൊണ്ടുവരുന്ന സമയത്ത് മുൻകൂട്ടി തീരുമാനിച്ചപോലെ ആർഎസ്എസുകാർ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. സബ് ജയിൽ, സബ് കലക്ടർ, തഹസീൽ ഓഫിസുകൾക്ക് മുന്നിൽ നിന്നാണ് ഒറ്റപ്പാലം സി ജെ എം കോടതിയിലേക്ക് പോകാനുള്ള വഴി തുടങ്ങുന്നത് . ഇവിടെ നിന്ന് ഏകദേശം അമ്പത് മീറ്റർ അപ്പുറമാണ് കോടതി . സാധാരണ പ്രതികളെ ഇവിടെ വാഹനം നിർത്തിയാണ് നടത്തി കൊണ്ടു പോകുക. മാസങ്ങൾക്ക് മുമ്പ് കൊടും കുറ്റവാളി ആട് ആന്റണിയെ കൊണ്ടു വന്നപ്പോഴാണ് പോലീസ് വാഹനം ജയിൽ വളപ്പിനകത്തേക്ക് കയറ്റി നിർത്തിയത്.
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് ചെർപ്പുളശേരി പോലീസ് സ്വകാര്യ ജീപ്പിൽ പ്രതികളെ കൊണ്ടു വന്നത് . ഇവർക്കു പുറകെ ആർഎസ്എസുകാർ മറ്റൊരു ജീപ്പിൽ ഉണ്ടായിരുന്നു. കോടതി വഴിയിൽ വാഹനം നിർത്തി പ്രതികളെ ഇറക്കിയപ്പോഴാണ് മാധ്യമങ്ങൾ ദ്യശ്യം പകർത്താൻ തുടങ്ങിയത്. ബൈക്കിൽ നാലു പേരാണ് വന്നതെങ്കിലും മൂന്നു പേരാണ് മാധ്യമ പ്രവർത്തകരെ അക്രമിച്ചത്. അക്രമം നടക്കുമ്പോൾ രണ്ട് പോലീസുകാർ അവിടെ നിന്നിരുന്നുവെങ്കിലും അവർ ഇടപെട്ടില്ല. അക്രമം കഴിഞ്ഞിട്ടും പ്രതികൾ അവിടെ നിൽക്കുകയായിരുന്നു. വിഷ്ണുവും മറ്റൊരാളും കോടതിക്ക് അടുത്തേക്ക് പോയശേഷം തിരിച്ചെത്തി ബൈക്കിൽ കയറി ഭീഷണി മുഴക്കി സ്ഥലം വിടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top