വാഷിങ്ടണ്‍: മാധ്യമങ്ങള്‍ക്കെതിരായ ട്രംപിന്റെ വിയോജിപ്പ് ശക്തമാകുന്നു. ഇപ്പോള്‍ പ്രമുഖ മാധ്യമങ്ങളെ വൈറ്റ് ഹൗസില്‍ വിലക്കുന്നത് വരെ ഇത് എത്തിനില്‍ക്കുകയാണ്. സിഎന്‍എന്‍, ബിബിസി, ന്യൂയോര്‍ക് ടൈംസ് തുടങ്ങിയ മുഖ്യധാരാ മാധ്യമങ്ങളെയാണ് പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍നിന്ന് ഒഴിവാക്കിയത്. രാജ്യത്തിന് അപകടകാരികളായ മാധ്യമങ്ങള്‍ എന്നു പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ചവര്‍ക്കാണ് അപ്രഖ്യാപിത വിലക്ക്.
തിരഞ്ഞെടുപ്പു പ്രചാരണകാലം മുതല്‍ വ്യാജവാര്‍ത്തക്കാര്‍ എന്നു ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ച മാധ്യമങ്ങളെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍നിന്ന് ഒഴിവാക്കിയത്. ട്രംപ് പലതവണ വിമര്‍ശിച്ചിട്ടുള്ള സിഎന്‍എന്‍, ബിബിസി, ന്യൂയോര്‍ക് ടൈസ്, പൊളിറ്റികോ, ബസ്ഫീഡ് എന്നിവയുടെ പ്രതിനിധികളെ ഒഴിവാക്കിയാണ് സീന്‍ സ്‌പൈസര്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്.
വ്യാജ വാര്‍ത്തക്കാര്‍ ജനങ്ങളുടെ ശത്രുക്കളാണെന്ന് പ്രസിഡന്റ് പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് അപ്രഖ്യാപിത വിലക്ക് വന്നത്. ട്രംപിന്റെ പ്രചാരണ ടീമിന് റഷ്യന്‍ ബന്ധമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിഡന്റിനെ ചൊടിപ്പിച്ചത്. വ്യാജ വാര്‍ത്തക്കാര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് പ്രസ് സെക്രട്ടറി പറഞ്ഞു.
പുതിയ നിലപാട് അസഹിഷ്ണുതയുടെ പ്രതിഫലനമാണെന്ന് മാധ്യമങ്ങള്‍ പ്രതികരിച്ചു. വിലക്കില്‍ പ്രതിഷേധിച്ച് അസോസിയേറ്റഡ് പ്രസ്, ടൈം മാഗസിന്‍, യുഎസ്എ ടുഡെ തുടങ്ങിയ മാധ്യമങ്ങള്‍ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചു.