ന്യൂഡൽഹി: കേരളാ ഹൈകോടതിയിലെ മീഡിയ റൂം തുറന്നു തരണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ള്യു.ജെ) സുപ്രീംകോടതിയിൽ ഹരജി നൽകി. സൗഹാർദപൂർണമായ അന്തരീക്ഷത്തിൽ കേരളത്തിലെ എല്ലാ കോടതികളിലും പോയി റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർക്ക് അവസരം ഒരുക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.
ഹൈക്കോടതിയിലെ മീഡിയാ റൂം തുറന്നു തരണമെന്നും കോടതികളില്‍ സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.മാധ്യമപ്രവര്‍ത്തകരെ തടയുന്ന നടപടി ആര്‍ട്ടിക്ക്ള്‍ 14, 19(ഐ,എ,ജി) ആര്‍ട്ടിക്കള്‍ 21 എന്നിവയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകനായ വില്‍സ് മാത്യു മുഖേനയാണ് മാധ്യമപ്രവര്‍ത്തക സംഘടന ഹരജി സമര്‍പ്പിച്ചത്.
അതേ സമയം കോടതികളിലെ മാധ്യമവിലക്ക് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള പത്രം ഉടമകളും പത്രാധിപന്മാരും വൈകീട്ട് രാഷ്ട്രപതിയെ കണ്ടു.
മാധ്യമവിലക്കും സംബന്ധിച്ച് ഹൈകോടതി രജിസ്ട്രാറോടും ചീഫ് സെക്രട്ടറിയോടും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നേരത്തെ വിശദാംശം തേടിയിരുന്നു. മാധ്യമപ്രവര്‍ത്തകരെ ജോലിചെയ്യുന്നതില്‍നിന്ന് വിലക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സ്ത്രീപീഡനക്കേസില്‍ ഹൈക്കോടതിയിലെ സര്‍ക്കാര്‍ പ്ലീഡര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് അഭിഭാഷകര്‍ മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞത്. അഭിഭാഷകരുടെ ഭീഷണിയെ തുടര്‍ന്ന് ഹൈകോടതിയിലെയും തിരുവനന്തപുരം ജില്ലാ കോടതിയിലെയും മീഡിയ റൂമുകള്‍ അടച്ചുപൂട്ടിയിരുന്നു.
നിലവില്‍ സംസ്ഥാനത്തെ കോടതികളിലെല്ലാം മാധ്യമപ്രവര്‍ത്തകരെ തടയുന്ന സ്ഥിതിയാണുള്ളത്.