
സ്വന്തം ലേഖകൻ
കോട്ടയം: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രിയ സുഹൃത്തിനായി കോട്ടയത്തെ മാധ്യമപ്രവർത്തകർ ഒന്നിച്ചു കൈ കോർക്കുന്നു. റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടറായിരുന്ന (ഇപ്പോൾ ന്യൂസ് 18 കേരള) മുണ്ടക്കയം സ്വദേശി സനിൽ ഫിലിപ്പിനായാണ് കോട്ടയത്തെ മാധ്യമ പ്രവർത്തക കൂട്ടായ്മ കൈ കോർക്കുന്നത്. വാഹനാപകടത്തിൽ നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റ സനിലിനെ ജീവിതത്തിലേയ്ക്കു തിരികെ എത്തിക്കുന്നതിനു ചികിത്സയ്ക്കാൻ വൻ തുക കണ്ടെത്തേണ്ടിയിരിക്കുന്നു.
ഇതിനായാണ് കോട്ടയത്തെ മാധ്യമപ്രവർത്തകർ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. ചുരുങ്ങിയ കാലത്തിനിടെ തന്നെ മാധ്യമപ്രവർത്തന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സനൽ തന്റെതായ രീതിയിൽ എല്ലാവരുമായി സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയാണെന്നു കോട്ടയത്തെ മാധ്യമ പ്രവർത്തകർ പറയുന്നു. അതുകൊണ്ടു തന്നെയാണ് സനലിനു ഒരു അപകടമുണ്ടായപ്പോൾ കൈ മെയ് മറന്ന് മാധ്യമ പ്രവർത്തകർ ഒറ്റക്കെട്ടായി ഇറങ്ങിയത്.
സനിലിനായി സുഹൃത്തുക്കളുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയും ഇതിനോടകം തന്നെ രൂപികരിച്ചു.ഇതോടൊപ്പം കോട്ടയം പ്രസ് കഌും സജീവമായി രംഗത്ത് എത്തി. ചികിത്സാച്ചെലവിനും തുടർ ആവശ്യങ്ങൾക്കുമായി വൻ തുക ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് തങ്ങളാലാവും വിധം സഹായിക്കാൻ സുഹൃത്തുക്കൾ ശ്രമം തുടരുന്നത്.
കഴിഞ്ഞദിവസമാണ് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ന്യൂസ് 18 ടിവി റിപ്പോർട്ടർ സനൽ ഫിലിപിന് ഗുരുതരമായി പരിക്കേറ്റത്. വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച സനലിനെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാൻ എല്ലാവരും തങ്ങളാൽ കഴിയുംവിധം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മാധ്യമസുഹൃത്തുക്കൾ ഫെയ്‌സ്ബുക്കിലൂടെ സഹായം അഭ്യർഥിക്കുന്നത്.
സനൽഫിലിപിന്റെ ചികിത്സയ്ക്ക് വേണ്ടി കോട്ടയം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്ബിറ്റി കോട്ടയം ശാഖയിൽ പ്രത്യേക അക്കൗണ്ട് തുറന്നിട്ടുണ്ട്. നന്മയുടെ ഉറവ വറ്റാത്ത മനസ്സുകൾ ഈ ആവശ്യത്തിനു പുറംതിരിഞ്ഞു നിൽക്കരുതെന്ന അപേക്ഷ മാത്രമാണ് കോ്ട്ടയത്തെ ഓരോ മാധ്യമപ്രവർത്തകനും മുന്നോട്ടു വയ്ക്കാനുള്ളത്.
Ac Name: Kottayam Press Club
Ac No: 673657 49741
IFSC:SBTR0000102
SBT KOTTAYAM MAIN BRANCH