പാമ്പാടിയും ലോ അക്കാദമിയും ചർച്ച ചെയ്ത മാധ്യമങ്ങൾ വെള്ളാപ്പള്ളി കോളജിനെ മറന്നു; വിദ്യാർഥി ആത്മഹത്യയ്ക്കു ശ്രമിച്ച കോളജിനെതിരായ വാർത്തകൾ മുക്കിയത് കോടികൾ ഒഴുകിയപ്പോൾ: കോളജ് അടിച്ചു തകർത്ത എസ്എഫ്‌ഐക്കാർ റിമാൻഡിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനീയറിങ് കോളജിൽ വിദ്യാർഥി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവം ഒതുക്കി തീർക്കാൻ പൊലീസും മാധ്യമങ്ങളും ശ്രമിക്കുന്നതായി ആരോപണം. വിദ്യാർഥിയുടെ ആത്മഹത്യാ ശ്രമിത്തിനു പിന്നാലെ എസ്എഫ്‌ഐ അടക്കമുള്ള വിദ്യാർഥി സംഘടകൾ കോളജിലേയ്ക്കു മാർച്ച് നടത്തിയിരുന്നു. എസ്എഫ്‌ഐ നടത്തിയ മാർച്ച് അക്രമാസക്തമാകുകയും, കോളജ് അടിച്ചു തകർക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനു പിന്നാലെ പ്രധാന മാധ്യമങ്ങളെല്ലാം കോളജിനെതിരായതോ അനുകൂലമായതോ ആയ വാർത്തകളെല്ലാം പൊടുന്നനെ പിൻവലിക്കുകയായിരുന്നു.
പാമ്പാടി നെഹ്‌റു കോളജ് വിഷയം രാത്രിയിൽ പ്രൈം ടൈം ചർച്ചയിൽ വിഷയമാക്കിയിരുന്ന ചാനലുകളിൽ ഒന്നു പോലും വെള്ളാപ്പള്ളി നടേശൻ കോളജിലെ വിഷയം ചർച്ച ചെയ്തില്ല. മാത്രമല്ല, സംഭവത്തിൽ കൃത്യമായ റിപ്പോർട്ടുകൾ നൽകാനോ ഇരയാക്കപ്പെട്ട വിദ്യാർഥിയുടെ പരാതി പരിശോധിക്കുന്നതിനോ ഇവർ തയ്യാറായതുമില്ല. കഴിഞ്ഞ ദിവസങ്ങളായി വിദ്യാർഥികൾ കോളജിനു മുന്നിൽ സമരം നടത്തുന്നുണ്ട്. എന്നാൽ, വിദ്യാർഥികൾ മാറി മാറി വിളിച്ചിട്ടും ചാനലുകളോ, പത്രങ്ങളോ വെള്ളാപ്പള്ളി നടേശൻ കോളജിനെതിരെ വാർത്ത നൽകാൻ പോലും ഇതുവരെയും തയ്യാറായിട്ടില്ല.
ഇതിനിടെയാണ് കോളജിൽ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ച് എസ്എൻഡിപി നേതൃത്വം വിവിധ സ്ഥലങ്ങളിൽ പ്രസ്താവന നടത്തിയത്. വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും പ്രസ്താവനകളും മാധ്യമങ്ങൾ കൃത്യമായി നൽകുകയും ചെയ്തു. ഇതിനിടെ കോളേജ് അടിച്ചു തകർത്ത കേസിൽ പ്രതികളായ ഒൻപത് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെ വള്ളികുന്നം എസ്ഐ വി.ആർ. ജഗദീഷിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വെട്ടിയാർ കല്ലിമേൽ മണ്ണത്തുംപാട്ട് അരുൺ (28), ജില്ലാ കമ്മറ്റിയംഗം കറ്റാനം ശ്രീനന്ദനത്തിൽ അനന്ദു (23), മാവേലിക്കര ഏരിയ സെക്രട്ടറി തഴക്കര അക്ഷയ് നിവാസിൽ അക്ഷയ് (20), ഏരിയ കമ്മറ്റിയംഗങ്ങളായ കോഴഞ്ചേരി പുല്ലാട് പടിഞ്ഞാറേതിൽ വീട്ടിൽ അർജുൻ (23), കണ്ണനാകുഴി പണിക്കവീട്ടിൽ വടക്കേതിൽ വിഷ്ണു (20), ചുനക്കര കരിമുളയ്ക്കൽ വലിയകുഴി വിളയിൽ സച്ചു (22), എൻജിനിയറിംഗ് കോളേജ് സംഘടന ജില്ലാ കമ്മറ്റിയംഗം ഭരണിക്കാവ് ഗോകുലം അഖിൽഷാജി (23), ഡിവൈഎഫ്ഐ കറ്റാനം മുൻ മേഖലാ സെക്രട്ടറി എബിവില്ലയിൽ സിബി വർഗീസ് (27), ഭരണിക്കാവ് മുൻ മേഖലാ സെക്രട്ടറി ഓലകെട്ടിയമ്പലം ജയഭവനത്തിൽ ജയകുമാർ (41) എന്നിവരാണ് അറസ്റ്റിലായത്.
ആക്രമണത്തിൽ ചെങ്ങന്നൂർ ഡിവൈഎസ്പി കെ.ആർ. ശിവസുതൻപിള്ള ഉൾപ്പെടെ നാല് പോലീസുകാർക്കും പരിക്കേറ്റിരുന്നു. പോലീസിനെ ആക്രമിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തി, കോളേജിനു നേർക്ക് ആക്രമണം നടത്തി തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു. എസ്എഫ്ഐ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ 300 എസ്എഫ്ഐ-ഡിവൈഎഫ്ഐക്കാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബാക്കിയുള്ള പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു. ഒൻപതിന് പുലർച്ചെ കോളജിലെ രണ്ടാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥി തിരുവനന്തപുരം കിളിമാനൂർ പുതിയകാവ് പാർപ്പിടം വീട്ടിൽ ആർഷ രാജ് (19) കോളേജ് ഹോസ്റ്റലിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top