തിരുവനന്തപുരം: ന്യജീവി ആക്രമണം മൂലം പരിക്ക് പറ്റുന്നവര്‍ക്കുള്ള ചികിത്സാ ചെലവ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയതായി മന്ത്രി എ കെ ശശീന്ദ്രന്‍.
വന്യമൃഗ ആക്രമണം മൂലം പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സാ ചെലവായി പരമാവധി നല്‍കുന്നത് രണ്ട് ലക്ഷം രൂപയാണ്. ഇത് ലഭിക്കാന്‍ സിവില്‍ സര്‍ജന്‍ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫിസര്‍ നല്‍കുന്ന സാക്ഷ്യപത്രം വേണമെന്ന വ്യവസ്ഥയിലാണ് ഭേദഗതി. രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണറോ സര്‍ക്കാര്‍ സര്‍വിസിലെ മെഡിക്കല്‍ ഓഫിസറോ സാക്ഷ്യപ്പെടുത്തിയാല്‍ പണം ലഭിക്കും.
പാമ്പുകടിയേറ്റ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്കും സര്‍ക്കാര്‍ ഡോക്ടര്‍ ചികിത്സാ സാക്ഷ്യപത്രം നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഇത് പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ നഷ്ടപരിഹാരം ലഭിക്കാ തെ വന്നതായി വനം മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് വ്യവസ്ഥയില്‍ മാറ്റം വരുത്തിയത്.
സ്ഥായിയായ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപവരെ നഷ്ടപ രിഹാരം ലഭിക്കും. രണ്ട് ലക്ഷത്തിന് മുകളിലുള്ള ചികിത്സാ ചെലവിനായി സര്‍ക്കാര്‍ സര്‍വിസിലെ മെഡിക്കല്‍ ഓഫിസര്‍തന്നെ സാക്ഷ്യപ്പെടുത്തണം. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ചികിത്സക്ക് ചെലവാകുന്ന മുഴുവന്‍ തുകയും തിരികെ ലഭിക്കും.