പുതുതലമുറ മരുന്നുകളെ വിലനിയന്ത്രണ ഉത്തരവില്‍ ഉള്‍പ്പെടുത്തി; മരുന്നു വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍

മലപ്പുറം: വിപണിയില്‍ ശക്തമായ സാന്നിധ്യമുള്ള പുതുതലമുറ മരുന്ന് സംയുക്തങ്ങളെക്കൂടി വിലനിയന്ത്രണത്തില്‍പ്പെടുത്തി ദേശീയ ഔഷധ വിലനിര്‍ണയസമിതി ഉത്തരവ്. ചില പ്രധാനപ്പെട്ട രോഗങ്ങള്‍ക്ക് കൂടുതലായി ഉപയോഗിക്കുന്നവയ്ക്ക് വില കുറയുമെന്നതാണ് ആശ്വാസകരം. നിലവില്‍ നിയന്ത്രണപ്പട്ടികയിലുള്ളവയുടെ വില കൂടുന്നുമുണ്ട്. 18 മരുന്നിനങ്ങള്‍ക്കാണ് പുതിയ ഉത്തരവ് ബാധകമാകുക.

ഏതുവിധത്തിലുള്ള ഛര്‍ദിക്കും ഇപ്പോള്‍ കൂടുതല്‍ ഉപയോഗിക്കുന്നതാണ് ഒണ്ടെയ്ന്‍ സെട്രോന്‍ ഹൈഡ്രോക്ലോറൈഡ് ഗുളിക. നാല് മില്ലിഗ്രാം ഗുളിക പത്തെണ്ണത്തിന് നിലവില്‍ 55 രൂപയാണ് ശരാശരി വില. പുതിയ ഉത്തരവുപ്രകാരം ഇതിന് 9.11 രൂപ മതിയാകും. രണ്ട്, എട്ട് മില്ലിഗ്രാം അളവിലുള്ള ഇനങ്ങളുടെയും വില ഇതുപോലെ കുറഞ്ഞിട്ടുണ്ട്. സ്ട്രിപ്പൊന്നിന് യഥാക്രമം 8.04, 14.14 രൂപയായണ് നിശ്ചയിച്ചിരിക്കുന്നത്. കണ്ണുരോഗത്തിന് വ്യാപകമായി ശുപാര്‍ശചെയ്യുന്ന മോക്‌സി ഫ്‌ളോക്‌സാസിനും പ്രെഡ്‌നിസോളോനും ചേര്‍ന്ന തുള്ളിമരുന്നിനും വില നന്നായി കുറഞ്ഞു. 75 രൂപയില്‍നിന്ന് 37 ആയാണ് കുറവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശക്തമായ അണുബാധയ്ക്കുള്ള സെഫാക്ലാസ് ഇഞ്ചക്ഷന്‍ നിലവില്‍ ഒരു പായ്ക്കറ്റിന് 50 രൂപയ്ക്ക് മുകളിലാണിപ്പോള്‍. ഇതിനിനി 42 രൂപയാകും. കുട്ടികള്‍ക്കുള്ള സെഫിക്‌സിം ഡ്രൈസിറപ്പിന്റെ വിലയിലും കുറവുണ്ട്. പുതിയ വില പത്ത് മില്ലിക്ക് 13.9 രൂപയാണ്. ഓഫ്‌ളോക്‌സാസിന്‍ ഓര്‍ണിഡാസോള്‍ ഗുളികയുടെ വില ഏഴരയില്‍നിന്ന് 6.6 രൂപയായിട്ടുമുണ്ട്. മെറ്റഫോര്‍മിനും വോഗ്ലിബോസും ഗ്ലിമിപ്രൈഡും ചേര്‍ന്ന സംയുക്തം പ്രമേഹചികിത്സയില്‍ ഇന്ന് ഏറെ ഉപയോഗിച്ചുവരുന്നതാണ്. ഒരു സ്ട്രിപ്പിന് 71.43 രൂപയായതോടെ ഇതിന്റെ വിലയിലും കുറവുണ്ടാകും. ഇതിന്റെ രണ്ടളവിലുള്ള മരുന്നിനും വില താഴുമെന്നതും നേട്ടമാണ്.

എന്നാല്‍ വേദനസംഹാരിയായ അസെക്ലോഫനക്കും പാരസെറ്റാമോളും ചേര്‍ന്ന മരുന്നിനും പ്രമേഹത്തിനുള്ള മെറ്റ്‌ഫോര്‍മിന്‍ ഗുളികയ്ക്കും വില കൂടും. അണുബാധക്കെതിരെ സോഡിയം ഫ്‌ലസിഡൈറ്റും ബെക്ലോമെത്താസോണും ഡൈപ്രോപയനൈറ്റും ചേര്‍ന്ന ക്രീമിന് ഭേദപ്പെട്ട നിലയിലാണ് വില കൂടിയിട്ടുള്ളത്. ഹോര്‍മോണ്‍ ഐ.യു.ഡി, രക്തസമ്മര്‍ദത്തിനുള്ള ബിസോപൊറോള്‍ ഫ്യൂമറേറ്റും അംലോഡിപ്പിനും ചേര്‍ന്ന സംയുക്തം, ഗര്‍ഭിണികള്‍ക്ക് ആവശ്യമായ ഫെറസ് അസ്‌കോബ്രേറ്റ് ചേര്‍ന്ന മൂന്ന് മരുന്നിനങ്ങള്‍ എന്നിവ പട്ടികയിലേക്കുവരുന്നതും രോഗികള്‍ക്ക് ഗുണകരമാണ്.

ബ്ലീച്ചിങ്പൗഡറിനെ നിയന്ത്രണപ്പട്ടികയില്‍ നിന്നൊഴിവാക്കി. തികച്ചും വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന ഇവയെ ഔഷധങ്ങളുടെ ഗണത്തില്‍പ്പെടുത്തണോയെന്ന സംശയം പല കേന്ദ്രങ്ങളും ഉന്നയിച്ചിരുന്നതാണ്.

Top