തൃശ്ശൂര്‍: സ്വന്തം കുടുംബം നോക്കാന്‍ സെക്യൂരിറ്റിപണിക്കെത്തിയ കുടുംബനാഥനെ അതി ക്രൂരമായി കൊന്ന കൊലയാളിയ്ക്ക് വേണ്ടി നാട്ടുകാരുടെ കണ്ണീര്‍. കൊലയാളിയായ നിസാമിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പോതുയോഗം കൂടിയാണ് ഇയാള്‍ക്കുവേണ്ടി ഏതാനും പേര്‍ രംഗത്തെത്തിയിരിക്കുന്നത്.
നാട്ടുകാരുടെ പൊതുകാര്യ പ്രിയന്‍ എന്നു ലേബല്‍ നല്‍കിയാണ് കൊലയാളിക്ക് വേണ്ടി ഇന്നലെ ഒരു വിഭാഗം അരയും തലയും മുറുക്കി രംഗത്തെത്തിയത്. 22 സ്ത്രീകള്‍ അടക്കം 109 പേര്‍ ക്രൂരനായ കൊലയാളിക്ക് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്.
നിഷാമിന്റെ നാടായ അന്തിക്കാട്ടെ മുറ്റിച്ചൂര്‍ സെന്റര്‍ മന്‍ഹല്‍ പാലസില്‍ വച്ചായിരുന്നു പൊതുയോഗം നടന്നത്. നിഷാമിന് നീതി നിഷേധിച്ചു എന്നാരോപിച്ചായിരുന്നു ഒരു വിഭാഗം ആളുകള്‍ യോഗം സംഘടിപ്പിച്ചത്. നിഷാം പരോപകാരിയും നിരപരാധിയാണെന്നും പറഞ്ഞ് രംഗത്തെത്തിയ ഇവര്‍ മുഖ്യമന്ത്രിയെ കണ്ട് നിഷാമിന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടാനുള്ള ഒരുക്കത്തിലാണ്. ഇക്കാര്യം ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിക്കുകയും ചെയ്തു.
അതേസമയം കൊലയാളിക്ക് വേണ്ടി ഒത്തുചേര്‍ന്നവര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. നീക്കത്തെ എതിര്‍ക്കുന്നവരും ഇന്നലെ ഹാളിന് പുറത്തായി ഒത്തുകൂടി. ചന്ദ്രബോസിന്റെ സുഹൃത്തുക്കളായിരുന്നു എതിര്‍പ്പുമായി എത്തിയവരില്‍ പ്രധാനികള്‍.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളോട് അനുഭാവമുള്ളവരും നിഷാമിന്റെ ബന്ധുക്കളും നിയമോപദേശകരും ചേര്‍ന്നാണ് യോഗം സംഘടിപിച്ചത്. നിഷാമിന്റെ ബന്ധുവിന്റെ ഹാളിലാണ് യോഗം സംഘടിപ്പിച്ചതും. യോഗത്തിന് മൈക്കിന് അനുമതി നല്‍കിയിരുന്നില്ല. ജിഷ, സൗമ്യ കേസുകളിലെ പ്രതികള്‍ക്ക് ലഭിക്കുന്ന ഇളവ് പോലും നിഷാമിന് ലഭിക്കുന്നില്ലെന്നാണ് യോഗത്തില്‍ പങ്കെടുത്തവര്‍ പരാതിപ്പെട്ടത്.
അപൂര്‍ണമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്നും നിഷാം കൊല നടത്തിയത് യാദൃശ്ചികമായാണെന്നും ഇവര്‍ വാദിച്ചു. നിഷാമിന്റെ സ്വത്ത് സംബന്ധിച്ചു വന്നതും തെറ്റായ കാര്യങ്ങളാണെന്നാണ് ഇവര്‍ പറയുന്നത്. നിഷാം നല്ലകാര്യങ്ങള്‍ ചെയ്ത വ്യക്തിയാണെന്നും ഇക്കൂട്ടര്‍ പറയുന്നു.
പുണ്യമാസമായ റമദാനില്‍ തന്നെ ഇത്തരമൊരു യോഗം സംഘടിപ്പിച്ചതിന് പിന്നില്‍ മറ്റു ചില ഉദ്ദേശങ്ങളുമുണ്ട്. എല്ലാ വിഷങ്ങളും സാമുദായിക വല്‍ക്കരിക്കുന്നവരും കൊലയാളിക്ക് വേണ്ടിയുള്ള യോഗത്തിന് പിന്നിലുണ്ടെന്നും അറിയുന്നു. പണം നല്‍കിയാണ് യോഗത്തിലേക്ക ആളെ കൂട്ടിയതെന്നും സൂചനയുണ്ട്.
നിഷാമിപ്പോള്‍ കണ്ണൂര്‍ ജയിലില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുകയാണ്. പുറത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായാല്‍ നിഷാമിന് പരോള്‍ അനുവദിക്കാന്‍ നോക്കാമെന്ന് ഒരു പ്രമുഖ രാഷ്ട്രീയകക്ഷി നിഷാമിന്റെ കുടുംബത്തിന് ഉറപ്പ് കൊടുത്തുവെന്നാണ് സൂചന. ഇതിന് വേണ്ടി പണം മുടക്കാന്‍ നിഷാമിന്റെ ബന്ധുക്കളും തയ്യാറാണ്. ഇതിന്റെ ആദ്യചുവടെന്ന നിലയിലാണ് പൊതുയോഗം സംഘടിപ്പിച്ചതെന്നാണ് അറിയുന്നത്.
കോടികളുടെ ആസ്തിയുള്ള നിഷാം ശിക്ഷിക്കപ്പെടുന്നതിനു മുന്‍പും പിന്‍പും പൊലീസിന്റെയടക്കം വഴിവിട്ട സഹായങ്ങള്‍ നേടിയിരുന്നു. ശിക്ഷയുടെ തുടക്കത്തില്‍ത്തന്നെ ശിക്ഷാ ഇളവ് നല്‍കാനുള്ള പട്ടികയില്‍ ഇടംപിടിച്ചു. ജയിലില്‍ ഫോണ്‍ അടക്കം സുഖജീവിതം നയിക്കുകയാണെന്ന പരാതിയുമുണ്ട്. അതിനൊപ്പമാണു ജയില്‍ മോചിതനാക്കാന്‍ പൊതുയോഗവും നടത്തുന്നത്