ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ആദ്യത്തെ വനിത മുഖ്യമന്ത്രിയായി പി.ഡി.പി അധ്യക്ഷയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകളുമായ മെഹബൂബ മുഫ്തി അധികാരമേല്‍ക്കും. പി.ഡി.പി എം.എല്‍.എമാര്‍ ഇന്ന് ഐക്യകണ്‌ഠേന മെഹബൂബ മുഫ്തിയെ നിയമസഭയിലെ നേതാവായി തിരഞ്ഞെടുക്കുകയും ഗവര്‍ണ്ണര്‍ എന്‍.എന്‍ വോറയെ രേഖാമൂലം അറിയിക്കുകയും ചെയ്തു. ശ്രീനഗറില്‍ പി.ഡി.പി എം.എല്‍.എമാര്‍ ഗവര്‍ണ്ണറെ രാജ്ഭവനില്‍ ചെന്നുകണ്ട് 56 വയസുകാരിയായ മെഹബൂബ മുഫ്തിയെ നേതാവായി തിരഞ്ഞെടുത്തതായി അറിയിച്ചുകൊണ്ടുള്ള കത്ത് ഗവര്‍ണ്ണര്‍ക്ക് കൈമാറി. സംസ്ഥാനത്തെ പതിമൂന്നാമത്തെ മുഖ്യമന്ത്രിയാണ് മെഹബൂബ മുഫ്തി. നിലവിലെ ലോക്‌സഭാംഗമായ മെഹബൂബയെ 28 അംഗ പി.ഡി.പി എം.എല്‍.എമാരാണ് നിയമസഭാ നേതാവായി തിരഞ്ഞെടുത്തത്. സത്യപ്രതിജ്ഞ സംബന്ധിച്ച തിയതിയോ സമയമോ ഇതുവരെ തീരുമാനമായിട്ടില്ല. ഭരണത്തില്‍ സഖ്യകക്ഷിയായ ബി.ജെ.പി മുഖ്യമന്ത്രിയെ നോമിനേറ്റ് ചെയ്യാനുള്ള തീരുമാനം പി.ഡി.പിക്ക് വിടുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദ് ഇന്ന് രാവിലെയാണ് ഡല്‍ഹി എംയിസ് ആശുപത്രിയില്‍ നിര്യാതനായത്.