മക്ക :റിയാദ്: മെക്കയിലെ ഹറം പള്ളിയില്‍ ക്രെയിന്‍ തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി. അപകടത്തില്‍ രണ്ട് മലയാളികളും മരിച്ചിട്ടുണ്ട്. പാലക്കാട് കല്‍മണ്ഡപം മീനാനഗര്‍ സ്വദേശി മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ തത്തമംഗലം സ്വദേശിനി മൂമിന(29 )യാണ് മരണമടഞ്ഞ ഒരാള്‍. രണ്ടാമത്തെയാളുടെ വിശദ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. അപകടത്തില്‍ ഇരുനൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പതിനഞ്ച് ഭാരതീയര്‍ക്ക് പരിക്കുണ്ട്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൂമിനയും ഭര്‍ത്താവ് മുഹമ്മദ് ഇസ്മയിലും മക്കയിലേക്ക് പോയത്. മുഹമ്മദ് ഇസ്മയില്‍തന്നെയാണ് മൂമിനയുടെ മരണവാര്‍ത്ത വീട്ടുകാരെ അറിയിച്ചത്. മക്കള്‍ ആയിഷാമറിയം(അഞ്ചാംക്ലാസ്), ആഷിബ് (രണ്ടാം ക്ലാസ്), അന്‍ഷീബ്( എല്‍ കെ ജി) ഭാരത് മാതാ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.
വെള്ളിയാഴ്‌ച മഗ്‌രിബ് നമസ്‌കാരത്തിനു മുന്‍പുണ്ടായ അപകടത്തിന്റെ നടുക്കം മാറിയില്ലെങ്കിലും ഹറം പള്ളി ഇന്നലെ രാവിലെ തന്നെ വീണ്ടും തീര്‍ഥാടകത്തിരക്കില്‍ മുങ്ങി. പുണ്യ കഅബ പ്രദക്ഷിണവും (തവാഫ്) ഹറം പള്ളിയിലിരുന്നുള്ള പ്രാര്‍ഥനയുമായി (ഇഅ്‌തികാഫ്) ഹജ് തീര്‍ഥാടകര്‍ പതിവുചര്യകളില്‍ മുഴുകി. ഉംറ നിര്‍വഹിക്കലും മറ്റ് ആരാധനകളും പതിവുപോലെ നടന്നു.
മൂന്നാം നിലയിലെ പ്രദക്ഷിണവഴിയിലേക്കു (മത്താഫ്) ക്രെയിന്‍ പൊട്ടിവീണുണ്ടായ അപകടത്തിന്റെ സൂചന പോലും ഇല്ലാത്ത വിധം മണിക്കൂറുകള്‍ക്കകം തന്നെ അവിടം വൃത്തിയാക്കിയിരുന്നു. തുടര്‍ന്നു തവാഫ് മുടക്കമില്ലാതെ നടത്താനും സൗകര്യമൊരുക്കി. പ്രാര്‍ഥനയും പ്രദക്ഷിണവും സഅയും (സഫ–മര്‍വ മലകള്‍ക്കിടയിലെ നടത്തം) വൈകാതെ പുനരാരംഭിച്ചു.
തലേന്നത്തെ കനത്ത മഴയുടെ സൂചനകളൊന്നുമില്ലാത്ത തെളിഞ്ഞ കാലാവസ്‌ഥയായിരുന്നു ഇന്നലെ. ദുരന്തം ദൈവവിധിയാണെന്നും ദുരൂഹതകളില്ലെന്നും ഹറംകാര്യവകുപ്പ് വക്‌താവ് അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ മന്‍സൂരി പറഞ്ഞു.
അപകടത്തെക്കുറിച്ച് അടിയന്തര അന്വേഷണത്തിനു മക്ക അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഉത്തരവിട്ടു. ഹറം പള്ളിക്കു സമീപത്തെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെ ചികില്‍സാച്ചെലവ് വഹിക്കുമെന്നും മരിച്ചവരുടെ കബറടക്കം മക്കയില്‍ തന്നെ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
മഹാരാഷ്‌ട്ര, തെലങ്കാന, മധ്യപ്രദേശ്, യുപി എന്നിവിടങ്ങളില്‍നിന്നുള്ള മൂന്നു പേര്‍ വീതവും ബംഗാളില്‍ നിന്നും ഡല്‍ഹിയില്‍നിന്നും രണ്ടു പേര്‍ വീതവും ബിഹാര്‍, പഞ്ചാബ്, അസം എന്നിവിടങ്ങളിലെ ഓരോ തീര്‍ഥാടകര്‍ക്കുമാണു പരുക്കേറ്റതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്‌തമാക്കി. പരുക്കേറ്റവരില്‍ 52 പാക്കിസ്‌ഥാന്‍കാരും 25 ബംഗ്ലദേശികളുമുണ്ട്. അപകടത്തില്‍ ഇന്ത്യ അടക്കം വിവിധ രാജ്യങ്ങള്‍ അനുശോചിച്ചു.