യുഎഇ: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ മേഖല ‘മെക്കുനു’ കൊടുങ്കാറ്റായി മാറിയതായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി . സലാല തീരത്തുനിന്ന് 600 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ കാറ്റുള്ളതെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു .കാറ്റിന്റെ ഭാഗമായുള്ള മേഘ മേലാപ്പുകള്‍ സലാലയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയാണുള്ളത്. നാളെ വൈകീട്ടുമുതല്‍ ദോഫാര്‍, അല്‍ വുസ്ത മേഖലകളില്‍ മഴ ലഭിക്കുമെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നത്.
കാറ്റിന്റെ കേന്ദ്ര ഭാഗത്തിന്റെ ഗതി ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലേക്കാണ്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കാറ്റ് ഒമാന്‍ തീരത്തെത്താന്‍ സാധ്യതയുണ്ട്. കനത്ത മഴയും ഇടിയും മിന്നലോടെയുമുള്ള കൊടുങ്കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദോഫാര്‍, അല്‍ വുസ്ത തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും. തിരമാലകള്‍ അഞ്ചുമുതല്‍ എട്ടു മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. കടലില്‍ പോകുന്നവര്‍ ഏറ്റവും പുതിയ കാലാവസ്ഥാ ബുള്ളറ്റിനുകള്‍ ശ്രദ്ധിച്ചശേഷം മാത്രമേ പോകാവൂ അധികൃതര്‍ അറിയിച്ചു. വാദികളിലും താഴ്ന്ന പ്രദേശങ്ങളില്‍നിന്നും ആളുകള്‍ മാറി മാറി നില്‍ക്കണമെന്നും അധികൃതര്‍ അറിയിച്ചു.
കാറ്റ് ചുഴലിക്കാറ്റായി രൂപപ്പെട്ടതോടെ ‘മെക്കുനു’ എന്ന പേരാണ് കാറ്റിന് നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ 62 കിലോമീറ്റര്‍ മുതല്‍ 74 കിലോമീറ്റര്‍ വരെയാണ് നിലവില്‍ കാറ്റിന്റെ വേഗത. ഇനിയും ശക്തി പ്രാപിച്ച് കരയോടടുക്കുമ്‌ബോള്‍ മണിക്കൂറീല്‍ 150 നും 160 ഇടയിലായിരിക്കും കാറ്റിന്റെ വേഗത എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.