ഇസ്ലാമാബാദ്: കുല്‍ഭൂഷന്‍ ജാദവിന്റെ ദയാഹര്‍ജി പാകിസ്താന്‍ പട്ടാളക്കോടതി തള്ളി. പാകിസ്താന്‍ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ഹര്‍ജി ഇപ്പോള്‍ പാകിസ്താന്‍ സൈനിക മേധാവിയുടെ പരിഗണനയിലാണ് ദയാഹര്‍ജി സംബന്ധിച്ച് െൈസനിക മേധാവി അന്തിമ തീരുമാനം എടുക്കുമെന്നും പാക് സൈന്യം അറിയിച്ചു. രണ്ട് തവണ ദയാഹര്‍ജി നല്‍കാന്‍ അവസരമുണ്ട്. ഇതില്‍ ആദ്യത്തെ അവസരമാണ് കുല്‍ഭൂഷന്‍ വിനിയോഗിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണ് കുല്‍ഭൂഷന്‍ ജാദവിനെ പാക് പട്ടാള കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ശിഷാ വിധിക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ശിക്ഷ നടപ്പിലാക്കുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. അന്തിമ വിധി വരുന്നത് വരെ ശിക്ഷ നടപ്പിലാക്കരുതെന്നാണ് അന്താരാഷ്ട്ര കോടതിയുടെ വിധി. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് അന്താരാഷ്ട്ര കോടതി ശിക്ഷ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്തത്.
ജാദവിനെ 2016 മാര്‍ച്ചിലാണു പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഏപ്രിലില്‍ അദ്ദേഹത്തെ പാക് സൈനികക്കോടതി വധശിക്ഷയ്ക്കു വിധിച്ചു. ജാദവ് ബലൂചിസ്താനില്‍ പാകിസ്താന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തെന്നാരോപിച്ചായിരുന്നു ശിക്ഷ. ഇതിനെതിരെയാണ് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചത്.