തിരുവനന്തപുരം : വിവാദങ്ങളില്‍ കുടുങ്ങിയ ഐ.പി.എസ്. ഉദ്യോഗസ്‌ഥ മെറിന്‍ ജോസഫിനെ മൂന്നാറിലേക്ക് മാറ്റം. തോട്ടം തൊഴിലാളി വനിതകളുടെ സമരത്തിനിടെ ശ്രദ്ധേയനായ മൂന്നാര്‍ ഡിവൈ.എസ്.പി: കെ.ബി. പ്രഭുല്ലചന്ദ്രനെ മാറ്റിയാണ് മെറിനെ എ.എസ്.പിയായി നിയമിക്കുന്നത്. ഉത്തരവ് ഇന്നലെ രാത്രി പുറത്തിറങ്ങി. പ്രഭുല്ലചന്ദ്രനെ മൂവാറ്റുപുഴ ഡിവൈ.എസ്.പിയായി നിയമിച്ചു.
തിരുവനന്തപുരത്ത് സമരത്തിനിടെ പൊലീസുകാരനെക്കൊണ്ട് കുട പിടിപ്പിച്ചു നില്‍ക്കുന്ന മെറിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്നാണ് തിരുവനന്തപുരം എ.സി.പി സ്‌ഥാനം തെറിച്ചത്. തുടര്‍ന്ന് മെറിനെ തൃക്കാക്കര എ.സി.പിയായി നിയമിക്കാന്‍ പോലീസ് ആസ്‌ഥാനത്തു നിന്ന് അടിയന്തര ശിപാര്‍ശ ആഭ്യന്തരവകുപ്പിലെത്തിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല.സമരരംഗത്ത് പോലീസ് ഉദ്യോഗസ്‌ഥരുടെ ഉത്തരവാദിത്വത്തെപ്പറ്റി പരിശീലനം നേടാനാണു മെറിനെ തിരുവനന്തപുരത്ത് എ.സി.പിയാക്കിയത്. പക്ഷേ, ഫെയ്‌സ്‌ബുക്കില്‍ ചിത്രം വിവാദമായതോടെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥര്‍ അനിഷ്‌ടം പ്രകടിപ്പിക്കുകയും തിരുവനന്തപുരത്തുനിന്ന് മാറ്റാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. പോലീസില്‍ ഓഡര്‍ലി സമ്പ്രദായം അവസാനിപ്പിക്കാന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാര്‍ നടപടി സ്വീകരിക്കുന്നതിനിടയിലാണ് മെറിന്‍ പോലീസുകാരനെക്കൊണ്ട് കുട പിടിപ്പിച്ചത്. മൂന്നാര്‍ സമരം സംഘര്‍ഷരഹിതമായി അവസാനിച്ചതിനു പിന്നില്‍ ഡിവൈ.എസ്.പി: പ്രഭുല്ലചന്ദ്രന്റെ ശക്‌തമായ സ്വാധീനമുണ്ടായിരുന്നു. സമരം തീര്‍ന്നപ്പോള്‍ തൊഴിലാളികള്‍ അദ്ദേഹത്തെ തോളിലേറ്റി നൃത്തം ചെയ്‌ത ചിത്രവും വാര്‍ത്തയും പോലീസിന് ഏറെ പ്രശംസ നേടിക്കൊടുത്തു.മൂന്നാര്‍ സമരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചിരുന്നു. പോലീസില്‍ അതിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ഇന്റലിജന്‍സ് നിര്‍ദേശിക്കുകയും ചെയ്‌തു. അതേസമയം, മൂന്നാര്‍ ഡിവൈ.എസ്.പിയുടെ ആവശ്യപ്രകാരമാണ് അദ്ദേഹത്തെ അവിടെനിന്നു സ്‌ഥലംമാറ്റിയതെന്ന് ഉന്നത കേന്ദ്രങ്ങള്‍ അറിയിച്ചു.
എ.എസ്.പി ട്രെയിനിംഗ് അവസാനിച്ച സാഹചര്യത്തിലാണ് മെറിന് മൂന്നാറില്‍ സബ് ഡിവിഷന്റെ ചാര്‍ജ് നല്‍കിയത്. തിരുവനന്തപുരത്ത് സിറ്റി കമ്മീഷണറുടെ കീഴില്‍ അറ്റാച്ച് ചെയ്യപ്പെട്ടിരുന്ന മെറിന് ഇവിടെ സ്വതന്ത്ര ചുമതല ഉണ്ടായിരുന്നില്ല.എന്നാല്‍ സമരമുഖത്ത് പൊലീസുകാരനെക്കൊണ്ട് കുടപിടിപ്പിച്ചുവെന്ന വിവാദവുമായി സ്ഥലംമാറ്റത്തിന് ഒരു ബന്ധവുമില്ലെന്ന് പൊലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.മൂന്നാറിലെ തോട്ടം മേഖലയില്‍ സ്ത്രീ തൊഴിലാളികള്‍ വീണ്ടും സമരരംഗത്തിറങ്ങാന്‍ ഒരുങ്ങുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് മെറിന്റെ പുതിയ നിയമനം. നേരത്തെ ഉണ്ടായിരുന്ന ഡി.വൈ.എസ്.പിയുടെ ഇടപെടല്‍ സ്ത്രീ സമരം അക്രമാസക്തമാകാതിരിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു എന്നും ഇന്ന് ചാര്‍ജെടുത്ത മെറിനിലും തോട്ടം തൊഴിലാളികള്‍ വലിയ പ്രതീക്ഷയാണ് വച്ചുപുലര്‍ത്തുന്നതെന്നും പറയപ്പെടുന്നു.എറണാകുളം എംഎല്‍എയുടെ അവാര്‍ഡ് ദാന ചടങ്ങിലെ മെറിന്റെ പെരുമാറ്റം സംബന്ധിച്ചും പത്രലേഖകനെതിരെ ഫേസ്ബുക്കില്‍ ഇട്ട കമന്റിനെ സംബന്ധിച്ചുമാണ് അധികൃതര്‍ വിശദീകരണം ചോദിച്ചിട്ടുള്ളത്.ഇതുസംബന്ധമായി ലഭിച്ച പരാതിയില്‍ ആഭ്യന്തര സെക്രട്ടറി നളിനി നേറ്റോ ഡി.ജി.പിയോട് നേരത്തെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.ഇടുക്കി എസ്.പിയുടെ കീഴിലാണ് പുതിയ നിയമനം. മൂന്നാര്‍ ഡി.വൈ.എസ്.പി പ്രഫുല ചന്ദ്രന് പകരം എറണാകുളം റൂറലില്‍ നിയമനം നല്‍കിയിട്ടുണ്ട്