മീരനന്ദനന്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നു. നരേന്‍ നായകനാകുന്ന ‘അങ്ങനെ തന്നെ നേതാവെ അഞ്ചെട്ടണ്ണം പിന്നാലെ’ എന്ന ചിത്രത്തിലാണ് അധ്യപികയുടെ വേഷത്തില്‍ മീര നന്ദനന്‍ തിരിച്ചെത്തുന്നത്. അജിത്ത് പൂജപ്പുര തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ചിത്രീകരണം തുടങ്ങി.
ഒരു ഗ്രാമത്തില്‍ നടക്കുന്ന വ്യത്യസ്തമായ കഥയാണ് ഇത്.വഴക്കും ബഹളങ്ങളും ഇല്ലാത്തൊരു നാട് എന്നാല്‍ എന്തെങ്കിലും പ്രശ്‌നം പെട്ടെന്നുണ്ടായാല്‍ ഗ്രാമവാസികള്‍ മണ്‍കലമുടയ്ക്കുന്ന ഒരു മത്സരം സംഘടിപ്പിക്കും. ഇവിടെ രാഷ്ട്രീയക്കാരെത്തിയാല്‍ എന്തു സംഭവിക്കും എന്നതാണ് സിനിമയുടെ പ്രമേയം.
ഗ്രാമത്തിന് അക്കരെയുള്ള ഗുരുകുലത്തിലെ അദ്ധ്യാപികയാണ് മീരയുടെ കഥാപാത്രം. ഗ്രാമത്തിലെ നദി കര കവിഞ്ഞ് ഒഴുകുന്‌പോള്‍ അക്കരെയെത്താന്‍ ഗ്രാമവാസികള്‍ക്ക് കഴിയാതെ വരും. അപ്പോഴും കുട്ടികളുടെ പഠനം മുടങ്ങാതിരിക്കുന്നതിനാണ് മീര ശ്രമിക്കുന്നത്. മാര്‍ച്ചില്‍ മീര ഷൂട്ടിംഗിനായി എത്തും.
കാര്‍ത്തിക്ക് പെരുമാള്‍ എന്ന കഥാപാത്രത്തെയാണ് നരേന്‍ അവതരിപ്പിക്കുന്നത്. എല്ലാ മത്സരങ്ങളിലും ജയിച്ചു മാത്രം പാരമ്പര്യമുള്ള പെരുമാള്‍ കുടുംബത്തിലെ അംഗമാണയാള്‍. ചിത്രത്തിന്റെ പ്രധാന വഴിത്തിരിവ് ഈ കഥാപാത്രമാണ് കൊണ്ടുവരുന്നത്. നടന്‍ മുകേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പാലക്കാടാണ് സിനിമയുടെ ലൊക്കേഷന്‍. ഈ മാസം ചിത്രീകരണം ആരംഭിക്കും. സായ്കുമാര്‍ സുരാജ് വെഞ്ഞാറമൂട്, ദേവന്‍, മാമുക്കോയ, ബിനീഷ് കോടിയേരി, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, കൊച്ചുപ്രേമന്‍, കെ.പി.എ.സി ലളിത, സീമ ജി.നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.
ഗ്രീന്‍ലാന്‍ഡ് വിഷന്റെ ബാനറില്‍ സുരേഷ് നായരാണ് ചിത്രം നിര്‍മിക്കുന്നത്. അനില്‍ നായരാണ് ഛായാഗ്രഹണം. എം.ജയചന്ദ്രന്‍ സംഗീതം നല്‍കും.