കോട്ടയം: അമ്മയെ തെരുവിലുപേക്ഷിക്കുന്നത് മലയാളികള്‍ ഇപ്പോള്‍ ഞെട്ടുന്ന വാര്‍ത്തകളല്ല. ക്ഷേത്ര നടയിലും വഴിയരികിലും ഉപേക്ഷിക്കേണ്ടവരാണ് അമ്മമാരെന്ന് ക്രൂരനിലപാടുകളാണ് മലയാളികളെ ഇപ്പോള്‍ നയിക്കുന്നത്.
കാലൊടിഞ്ഞു നടക്കാന്‍ കഴിയാത്ത വയോധികയായ അമ്മയെ ജേഷ്ഠന്റെ വീട്ടു വരാന്തയില്‍ ഉപേക്ഷിച്ച് ഇളയ മകന്‍ മുങ്ങിയതാണ് ഏറ്റവും ഒടുവിലുളള വാര്‍ത്ത. വീട്ടില്‍ കയറ്റാന്‍ സമ്മതമല്ലെന്നു മുംബൈയിലുള്ള മൂത്ത മകന്‍ പറഞ്ഞതോടെ പ്രശ്നും പഞ്ചായത്തിനും പൊലീസിനും മുന്നിലെത്തി. നാട്ടുകാര്‍ കൂടി ഇടപെട്ടതോടെ അമ്മയെ ‘നവജീവ’നിലേക്കു മാറ്റി.
പനച്ചിക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് ചൊഴിയക്കാട് മേനാംപടവില്‍ സ്നേഹതീരം വീട്ടില്‍ മേരിയെ(65)യാണു വരാന്തയില്‍ ഉപേക്ഷിച്ചു മകനും ബന്ധുക്കളും മുങ്ങിയത്. മേരിക്കു രണ്ട് ആണ്‍മക്കളാണുള്ളത്, ചൊഴിയക്കാടു വീടുള്ള മൂത്ത മകന്‍ സാജന്‍ മുംബൈയിലാണു കുടുംബസമേതം കഴിയുന്നത്; രണ്ടാമത്തെ മകന്‍ ജയന്‍ ആലുവയിലും. ജയനൊപ്പം ആലുവയിലായിരുന്നു താമസം.
ഇയാള്‍ വീടു വിറ്റതോടെ, രണ്ടു മാസത്തിനുള്ളില്‍ തിരികെ കൊണ്ടുപോകാമെന്നു പറഞ്ഞു കുന്നന്താനത്തുള്ള സഹോദരന്റെ വീട്ടിലേക്കു മേരിയെ മാറ്റി. ഇവിടെ താമസിച്ചു വരുന്നതിനിടെ, കട്ടിലില്‍നിന്നു വീണു മേരിയുടെ കാലിനു പൊട്ടലുണ്ടായി. ഇതോടെയാണ് അമ്മയുടെ കഷ്ടകാലം തുടങ്ങിയത്. തിരുവല്ലയിലെ ആശുപത്രിയില്‍ കൊണ്ടു പോയി എക്സറേയും മറ്റും എടുത്തെങ്കിലും മതിയായ ചികിത്സ നല്‍കിയില്ല.
തുടര്‍ന്നു സഹോദരനും മകളും ജയനും ചേര്‍ന്നു മേരിയെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ചൊഴിയക്കാട്ടെ വീട്ടിലെത്തിക്കുകയായിരുന്നു. ഈ വീട്ടില്‍ സാജന്റെ ഭാര്യയുടെ അമ്മയാണു താമസിച്ചിരുന്നത്. മേരിയെ എത്തിച്ചശേഷം ഇവര്‍ വീടു പോലും തുറന്നു നല്‍കിയില്ല. തുടര്‍ന്ന്, ഇവര്‍ വീടു പൂട്ടി പള്ളത്തെ സ്വന്തം വീട്ടിലേക്കു പോയി. വീടിന്റെ പണി നടക്കുന്നതിനാല്‍ അവിടേയ്ക്കു കൊണ്ടുപോകാന്‍ കഴിയില്ലെന്നു പറഞ്ഞായിരുന്നു സഹോദരന്‍ മടങ്ങിയത്.
അര്‍ധരാത്രിക്കുശേഷം മകനും സ്ഥലത്തുനിന്നു മുങ്ങി. രാവിലെ വരാന്തയില്‍ തണുത്തുവിറങ്ങലിച്ചു കിടക്കുകയായിരുന്ന മേരിയെ അയല്‍വാസികളാണു സംരക്ഷിച്ചത്. തുടര്‍ന്ന് അയല്‍വീടുകളില്‍നിന്നു ഭക്ഷണവും കിടക്കയും നല്‍കിയശേഷം പഞ്ചായത്തംഗങ്ങളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
പിന്നീടു മേരിയെ വീട്ടിനുള്ളിലെ മുറിയിലേക്കു പൊലീസ് മാറ്റി. മുത്തമകനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വീട്ടില്‍ താമസിപ്പിക്കാന്‍ സമ്മതമല്ലെന്ന രീതിയിലാണു മറുപടി പറഞ്ഞത്. രാത്രിയോടെ അദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇളയ മകനെ വിളിച്ചപ്പോള്‍ ഒപ്പം താമസിപ്പിക്കാന്‍ സമ്മതം അറിയിച്ചുവെങ്കിലും വീടീല്ലാത്തതു തടസമായി.
ഇതോടെ പൊലീസും പഞ്ചായത്ത് മെംബറും ഇടപെട്ട് മേരിയെ ആര്‍പ്പൂക്കരയിലെ നവജീവന്‍ കേന്ദ്രത്തിലേക്കു മാറ്റി. ഇവിടെ നിന്നു കുടമാളൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടു പോയി.