ബാഴ്‌സലോണ: ലിയോണല്‍ മെസിയും നെയ്മറും അരങ്ങുവാണ മല്‍സരത്തില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് ലവന്റെയെ തോല്‍പ്പിച്ചു. സ്വന്തം തട്ടകമായ നൗകാംപിലായിരുന്നു ബാഴ്‌സലോണയുടെ ആധികാരിക വിജയം. ബാഴ്‌സലോണയ്ക്കുവേണ്ടി മെസി രണ്ടു ഗോളും നെയ്മര്‍ ഒരു ഗോളും നേടി. മാര്‍ക് ബര്‍ത്രയാണ് ബാഴ്‌സയുടെ ആദ്യ ഗോള്‍ നേടിയത്. മെസിയുടെ ഒരു ഗോള്‍ പെനാല്‍റ്റിയിലൂടെയായിരുന്നു. അതേസമയം മല്‍സരത്തിന്റെ എഴുപത്തിയാറാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി മെസി നഷ്ടമാക്കുകയും ചെയ്തു. ലവന്റെയുടെ ആശ്വാസഗോള്‍ വിക്ടര്‍ കസാഡെസസിന്റെ വകയായിരുന്നു.
ഈ ജയത്തോടെ കളിച്ച നാലു മല്‍സരങ്ങളും ജയിച്ച ബാഴ്‌സലോണ 12 പോയിന്റുമായി ലീഗില്‍ ഒന്നാമതാണ്. നാലു മല്‍സരങ്ങളില്‍നിന്ന് 10 പോയിന്റ് വീതമുള്ള റയല്‍ മാഡ്രിഡ്, വില്ലാ റയല്‍, സെല്‍റ്റാ വിഗോ എന്നീ ടീമുകളാണ് രണ്ടാം സ്ഥാനത്ത്. സെപ്റ്റംബര്‍ 23ന് സെല്‍റ്റാ വിഗോയ്‌ക്കെതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മല്‍സരം.