അഞ്ഞൂറടിച്ചു മെസി; ബാഴ്‌സയിൽ മെസിയുടെ തേരോട്ടം

സ്‌പോട്‌സ് ഡെസ്‌ക്

ബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളിൽ ബാഴ്‌സലോണയ്ക്കായി ലയണൽ മെസി 500 ഗോൾ തികച്ചു. ക്ലബിനായുള്ള മെസ്സിയുടെ അഞ്ഞൂറാം ഗോളിന്റെ മികവിൽ ബാഴ്‌സലോണ ഒന്നിനെതിരെ രണ്ട് ഗോളിന് സെവിയ്യയെ തോൽപിച്ചു.സുവാരസും ബാഴ്‌സക്കായി വല കുലുക്കി.
592 മത്സരങ്ങളിൽ നിന്നാണ് 29 കാരനായ മെസി ബാഴ്‌സ കുപ്പായത്തിലെ അഞ്ഞൂറാം ഗോൾ തികച്ചത്.സൗഹൃദ മത്സരങ്ങൾ അടക്കമുള്ളവയിൽ നിന്നാണ് 500 ഗോൾ നേട്ടം. ഒഫീഷ്യൽ ഫിക്‌സ്ചർ പ്രകാരമുള്ള മത്സരങ്ങളിൽ 469 ഗോളാണ് മെസിയുടെ സമ്പാദ്യം.
ബാഴ്‌സയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന ബഹുമതി നേരത്തെ മെസി സ്വന്തമാക്കിയിരുന്നു. 1912മുതൽ 1927വരെ ബാഴ്‌സയ്ക്കായി കളിച്ച് 395 ഗോളുകൾ നേടിയ പൗളിനോ അലക്‌സാൻഡ്രയാണ് മെസിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത്. ഏപ്രിലിൽ മെസി 500 കരിയർ ഗോളുകളെന്ന നേട്ടം കുറിച്ചിരുന്നു. അർജന്റീനയൻ കുപ്പായത്തിലെ ഗോളുകൾ കൂടി കണക്കിലെടുത്തായിരുന്നു ഇത്.
2005ൽ 17ാം വയസിൽ അൽബസെറ്റയ്‌ക്കെതിരെയാണ് മെസി ബാഴ്‌സയ്ക്കായി ആദ്യ ഗോൾ നേടിയത്. സ്പാനിഷ് ലീഗിൽ ബാഴ്‌സയ്ക്കായി 320 ഗോളുകളും ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സയ്ക്കായി 90 ഗോളുകളും മെസി നേടിയിട്ടുണ്ട്. മറ്റ് ഗോളുകൾ സ്പാനിഷ് കപ്പ്, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നിവയിൽ നിന്നാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top