സ്‌പോട്‌സ് ഡെസ്‌ക്
കോപ്പ അമേരിക്ക സെന്റിനറി ടൂർണമെന്റിൽ ഇതിലും വലുതൊന്നും പനാമ പ്രതീക്ഷിച്ചു കാണില്ല. പനാമയുടെ കോച്ച് പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്നു തെളിയിച്ച് പകരക്കാരനായി ഇറങ്ങി ഹാട്രിക് തികച്ച ലയണൽ മെസിയുടെ മിടുക്കിൽ അർജന്റീന കോപ്പ അമേരിക്ക സെന്റിനറി ടൂർണമെന്റിന്റെ ക്വാർട്ടർ ഉറപ്പിച്ചു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ചിക്കാഗോ സോൾഡിയർ ഫീൽഡിൽ നടന്ന മത്സരത്തിൽ അർജന്റീന പനാമയെ കെട്ടു കെട്ടിച്ചത്.
രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ലയണൽ മെസി എന്ന പത്താം നമ്പർ താരം തന്നെയായിരുന്നു അർജന്റീനയും പനാമയും തമ്മിലുള്ള പ്രധാന വ്യത്യാസം. മെസി ഇറങ്ങിയാൽ എന്തു ചെയ്യാനാവും എന്നു ആശങ്കപ്പെട്ട പനാമ കോച്ച് ആശങ്ക സത്യമാണെന്നു തെളിയിക്കുന്നതായിരുന്നു മത്സരം. മത്സരത്തിലെ ആദ്യ പകുതിയിൽ ഏഴാം മിനിറ്റിൽ തന്നെ മധ്യനിര താരം നിക്കോളാസ് ഓട്ടോമെൻഡി നേടിയ ഗോളിൽ മുന്നിലെത്തിയെങ്കിലും മത്സരത്തിൽ ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം പിടിക്കാൻ അർജന്റീനയ്ക്കു പലപ്പോഴും കഴിഞ്ഞു.
കളി മാറിയത് അറുപതാം മിനിറ്റിനു ശേഷമായിരുന്നു. രണ്ടാം മഞ്ഞക്കാർഡ് കണ്ട് ആദ്യ പകുതിയിൽ പ്രതിരോധ താരം പുറത്തായ ശേഷം പത്തു പേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം കൈവിടാതിരുന്ന പനാമയുടെ കളത്തിലേയ്ക്കു ലയണൽ മെസി എത്തിയതോടെ കളം പിന്നെ അർജന്റീനയുടെ കയ്യിലായി. ഇടയ്ക്കിടെ പ്രത്യാക്രമണങ്ങൾ നടത്തിയെങ്കിലും എല്ലാം മഷരാനോയുടെ നേതൃത്വത്തിലുള്ള പ്രതിരോധക്കോട്ടയിൽ തട്ടിത്തകർന്നു. 68 -ാം മിനിറ്റിൽ ആ അത്ഭുത നിമിഷം എത്തി. ഗോൾ പോസ്റ്റിനു മുന്നിലെ കൂട്ടപ്പൊരിച്ചിലിൽ, പനാമ പ്രതിരോധ നിരതാരം അടിച്ച പന്ത് ഹിഗ്വെയിന്റെ ശരീരത്തിൽ തട്ടി വന്നു വീണത് മെസിയുടെ കാലിൽ. ബോക്‌സിനു മുന്നിൽ സ്വതന്ത്രനായി മെസിയെ വിട്ടതിന്റെ വില പനാമ അറിഞ്ഞു. പന്ത് വലയിൽ..! ഗോൾ..
ഭാഗ്യത്തിന്റെ അകമ്പടിയിൽ വീണ ആദ്യ ഗോളിന്റെ പാപക്കറ പത്തു മിനിറ്റിനകം മെസി തിരുത്തി. ബോക്‌സിനു മീറ്ററുകൾ മാത്രം അകലെ നിന്നു മെസി പറത്തിയ മാരിവിൽ ഫ്രീകിക്ക് വളഞ്ഞു താണ് ബോക്‌സിന്റെ വലതുമൂലയിൽ വീഴുമ്പോൾ ഗോളിയ്ക്കു ചാടിമാറാൻ മാത്രമേ സാധിച്ചുള്ളൂ. പത്തു മിനിറ്റ് തിരകയും മുൻപ് മെസിയുടെ ഹാട്രിക് ഗോളുമെത്തി. മധ്യനിരയിൽ നിന്നു വളഞ്ഞു പുളഞ്ഞെത്തിയ പന്തിനെ ബോക്‌സിനു മുന്നിൽ നിന്ന് തൊട്ടുകൊടക്കേണ്ട ജോലി മാത്രമായിരുന്നു മെസിക്ക്. പകരക്കാരനായി ഇറങ്ങിയ അഗ്യൂറോയുടെ 90 -ാം മിനിറ്റിലെ ഗോളിൽ പട്ടിക തികച്ച അർജന്റീന കളിയിൽ വിജയം ഉറപ്പിച്ചപ്പോഴേയ്ക്കും ഫൈനൽ വിസിൽ മുഴങ്ങിയിരുന്നു.