സ്പാനിഷ് ലീഗിനിടെ ലിയണല്‍ മെസ്സിക്ക് പരുക്കേറ്റത് ബാഴ്‌സലോണയ്ക്ക് മാത്രമല്ല അര്‍ജന്റീനയ്ക്കും തിരിച്ചടിയാവും. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ അര്‍ജന്റീനയുടെ ആദ്യ നാല് മത്സരങ്ങളില്‍ മെസ്സിക്ക് കളിക്കാനാവില്ല. ലാസ് പല്‍മാസ് താരം പെഡ്രോ ബിഗാസുമായി കൂട്ടിയിടിച്ചാണ് മെസ്സിക്ക് പരുക്കേറ്റത്. എട്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡുമായുള്ള എല്‍ ക്ലാസിക്കോ അടക്കം ആറ് കളികള്‍ നഷ്ടമായേക്കും. ചാംപ്യന്‍സ് ലീഗില്‍ ബയര്‍ ലെവര്‍ക്യൂസനെയും ബെയ്റ്റിനെയും നേരിടുമ്പോഴും ബാഴ്‌സ നിരയില്‍ മെസ്സിയുണ്ടാവില്ല. ഈ സീസണില്‍ താളംകണ്ടെത്താന്‍ പാടുപെടുന്ന ബാഴ്‌സയ്ക്ക് മെസ്സിയുടെ അഭാവം കനത്ത തിരിച്ചടിയാവും. കോച്ച് ലൂയിസ് എന്റീകെയും ഇത് സമ്മതിക്കുന്നു. നവംബര്‍ 21നാണ് എല്‍ക്ലാസിക്കോ. ഇതിന് മുന്‍പ് മെസി പരുക്കുമാറിയെത്തുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സ. ബാഴ്‌സയോടൊപ്പം അര്‍ജന്റീനയ്ക്കും മെസ്സിയുടെ പരുക്ക് കനത്ത ആഘാതമായി. ഒക്ടോബര്‍ എട്ടിന് ഇക്വഡോറിനെതിരെയും 13ന് പരാഗ്വേയ്‌ക്കെതിരെയും നവംബര്‍ 12ന് ബ്രസീലിനെതിരെയും 17ന് കൊളംബിയക്കെതിരെയുമുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മെസ്സിക്ക് നഷ്ടമാവും.