സ്‌പോട്‌സ് ഡെസ്‌ക്
ഹൂസ്റ്റൺ: മിന്നൽ പോലെ എണ്ണം പറഞ്ഞ നാലു ഗോളുകൾ.. നൂറ്റാണ്ടിന്റെ കോപ്പയുടെ സെമിയിൽ അമേരിക്കയുടെ കഥകഴിയാൻ അതു മാത്രമതിയായിരുന്നു. മൂന്നാം മിനിറ്റിൽ ലവാസി തുടങ്ങി വച്ച ഗോളടി 32-ാം മിനിറ്റിൽ മെസിയിലൂടെ കൈമാറിക്കിട്ടിയപ്പോൾ 50, 86 മിനിറ്റുകളിൽ രണ്ടു തവണ പന്ത് വലയിലെത്തിച്ചു ഹിഗ്വെയിൻ പട്ടിക പൂർത്തിയാക്കി. പന്ത് ഹെഡ് ചെയ്യാനുള്ള ശ്രമത്തിനിടെ കളത്തിനു പുറത്തെ പരസ്യബോർഡിൽ ഇടിച്ചു തെറിച്ചു വീണു പരുക്കേറ്റ ലവാസി കളത്തിലെ കണ്ണീർ കാഴ്ചയായി.
ഹൂസ്റ്റണിലെ കളത്തിൽ ഇന്നലെ ലയണൽ മെസി എന്ന സിംഹക്കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. പകരക്കാരനായി ഇറങ്ങി ഹാട്രിക്കിലൂടെ തുടങ്ങിയ മെസി ഇന്നലെ പന്ത് കൈമാറി കൂട്ടുകാരെക്കൊണ്ടു ഗോളടിപ്പിക്കുന്നതിനുള്ള തിരക്കിലായിരുന്നു. പോസ്റ്റിനു മുന്നിൽ വച്ചു പോലും പന്ത് മറിച്ചു നൽകുന്ന മെസിയായിരുന്നു ഇന്നലെ അർജന്റീനയുടെ നീലപ്പടയാളികളുടെ കളിയെ നിയന്ത്രിച്ചു നിർത്തിയിരുന്നത്. മിന്നൽ ആക്രമണങ്ങളിലൂടെ അർജന്റീനയെ വിറപ്പിക്കാൻ ഇടയ്ക്കു അമേരിക്ക നടത്തിയ നീക്കങ്ങളെല്ലാം ഗോളി റൊമേരോയുടെ വിശ്വസ്ത കരങ്ങളിൽ അവസാനിക്കുകയും ചെയ്തു.
മൈതാനമധ്യത്തിൽ നിന്നും അരംഭിച്ച മിന്നൽ നീക്കമാണ് ഗോളിയേക്കു കലാശിച്ചത്. മെസി തളികയിലെന്ന പോലെ പകർന്നു നൽകിയ പന്തിനെ വലയിലേയ്ക്കു തിരിച്ചു വിടേണ്ട ജോലി മാത്രമേ ലവാസിക്കുണ്ടായിരുന്നുള്ളൂ. 31 -ാം മിനിറ്റിൽ യുഎസ്എ ബോക്‌സിനു പുറത്തു ലഭിച്ച ഫൗളിൽ ഫ്രീകിക്കെടുക്കാൻ എത്തിയത് സാക്ഷാൽ മെസി.. – പന്ത് വായുവിൽ ഉയർന്ന്.. ഒന്നു കറങ്ങി.. യുഎസ്എ ബോക്‌സിന്റെ വലതുമൂലയുടെ ഏറ്റവും ഉയർന്ന ഭാഗത്തു വന്നു പതിക്കുമ്പോൾ മുഴുനീളൻ ഡൈവുമായി വായുവിലായിരുന്നു അമേരിക്കൻ ഗോളി.. മെസിയുടെ പന്തിന്റെ വേഗവും ദിശയും പോലും പാവം ഗോളിക്കു തിരിച്ചറിയാൻ സാധിച്ചില്ല.
ഇതിനിടെ അപ്രതീക്ഷിതമായി പരുക്കേറ്റ് ലവാസിക്കു കളത്തിനു പുറത്തു പോകേണ്ടി വന്നത് അർജന്റീനയ്ക്കു വേദനയായി. പ്രതിരോധത്തിൽ നിന്നും ഉയർത്തി നൽകിയ പന്ത് കണക്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പരസ്യബോർഡിൽ ഇടിച്ചു കളത്തിനു പുറത്തേയ്ക്കു തെറിച്ചു വീണ ലവാസിക്കു സാരമായി പരുക്കേറ്റിട്ടുണ്ട്. 29 നു നടക്കുന്ന ഫൈനലിൽ ചിലി- കൊളംബിയ മത്സരത്തിലെ വിജയികളെയാണ് അർജന്റീന നേരിടുന്നത്.