ബുര്‍ജ് ഖലീഫയുടെ വലിപ്പത്തിലുള്ള ഉല്‍ക്ക ഭൂമിയിലേയ്ക്ക് പാഞ്ഞടുക്കുന്നതായി ശാസ്ത്രജ്ഞര്‍. ഫെബ്രുവരി നാലിന് ഈ ഉല്‍ക്ക ഭൂമിയെ കടന്നുപോകും. മണിക്കൂറില്‍ ഒരുലക്ഷത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞുപോകുന്ന ഉല്‍ക്ക ഭൂമിക്ക് അപകടമുണ്ടാക്കുമോ എന്ന കാര്യത്തില്‍ ഉറപ്പുപറയാന്‍ നാസയിലെ ശാസ്ത്രജ്ഞര്‍ക്ക് ഇതേവരെ സാധിച്ചിട്ടില്ല.
അപകടം ഉണ്ടാക്കാന്‍ സാധ്യതയുള്ളത് എന്ന ഗണത്തിലാണ് 2002 എജെ129 എന്ന പേരിലുള്ള ഉല്‍ക്കയെ പെടുത്തിയിട്ടുള്ളത്. മനുഷ്യനിര്‍മ്മിതമായ അതിവേഗ വിമാനത്തെക്കാള്‍ 15 മടങ്ങ് വേഗത്തിലാണ് ഉല്‍ക്കയുടെ പോക്ക്. മണിക്കൂറില്‍ 7300 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍സോണിക് നോര്‍ത്ത് അമേരിക്കന്‍ എക്സ്-15 ആണ് ഏറ്റവും വേഗമേറിയ വിമാനം.
1.1 കിലോമീറ്റര്‍ വീതിയുള്ളതാണ് ഈ ഉല്‍ക്കയെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. 0.8 കിലോമീറ്ററാണ് ബുര്‍ജ് ഖലീഫയുടെ ഉയരം. ഭൂമിയില്‍നിന്ന് 42 ലക്ഷം കിലോമീറ്റര്‍ അകലെക്കൂടിയാണ് ഉല്‍ക്ക കടന്നുപോകുന്നതെങ്കിലും ബഹിരാകാശ വസ്തുക്കളുടെ യാത്രാപഥം കണക്കിലെടുക്കുമ്പോള്‍ ഇതത്ര അകലെയൊന്നുമല്ല. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം 3,84,400 കിലോമീറ്ററാണെന്നും ഓര്‍ക്കണം.
74 ലക്ഷം കിലോമീറ്റര്‍ പരിധിക്കുള്ളിലൂടെ പോകുന്ന ഉല്‍ക്കകളെയും ക്ഷുദ്രഗ്രഹങ്ങളെയും അപകടമുണ്ടാക്കാന്‍ സാധ്യതയുള്ളവയുടെ കൂട്ടത്തിലാണ് നാസ പെടുത്തിയിട്ടുള്ളത്. ഇക്കൊല്ലം ഭൂമിയെ കടന്നുപോകുന്ന ഏറ്റവും വലിയ ബഹിരാകാശ വസ്തുവും ഇതാണ്. ഭൂമിയിലെങ്ങാന്‍ ഇത് പതിച്ചാല്‍ ഭൂമി പഴയ ഐസ്-ഏജിന്റെ ചെറിയ രൂപമായി മാറുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ഭൂമിയിലേക്ക് ഉല്‍ക്ക പതിച്ചാല്‍, ഇവിടുത്തെ ശരാശരി താപനില എട്ട് ഡിഗ്രി സെല്‍ഷ്യസായി ചുരുങ്ങുമെന്ന് 2016-ല്‍ നടത്തിയ പഠനം പറയുന്നു. ഒരു കിലോമീറ്റര്‍ വീതിയുള്ള ഉല്‍ക്ക പതിച്ചാലുള്ള പ്രത്യാഘാതമാണിത്. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ആഘാതമായിരിക്കും ഇത്തരം പതനങ്ങളുണ്ടാക്കുകയെന്നും ചില ജീവിവര്‍ഗങ്ങള്‍ തന്നെ അപ്രത്യക്ഷമാകാനിടയുണ്ടെന്നും പഠനം പറയുന്നു.