സ്വന്തം ലേഖകൻ
കൊച്ചി: കുമരകം മെത്രാൻകായൽ നികത്താനുള്ള പദ്ധതിയുമായി രംഗത്തെത്തിയ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അംഗമായിരിക്കുന്നത് ഇടതുപക്ഷത്തെ മുൻ ആഭ്യന്തരമന്ത്രിയുടെ മകൻ. ഈ ഇടപാടിനു ഒത്താശ ചെയ്തു നൽകിയത് ചങ്ങനാശേരിയിലെ വിവാദ കോൺഗ്രസ് നേതാവുമെന്നു റിപ്പോർട്ട്. സംഭവം സംബന്ധിച്ചു റിപ്പോർട്ട് തയ്യാറാക്കിയ സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചാണ് ഇതിനു പിന്നിലെ രാഷ്ട്രീയ താല്പര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയിൽ അന്നു തന്നെ വിവാദമായിരുന്നു. മെത്രാൻകാലയൽ നികത്തുന്നതിനു അന്നു അപേക്ഷ സമർപ്പിച്ച റക്കിൻഡോ ഡെവലപേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ മുൻ ആഭ്യന്തരമന്ത്രിയുടെ മകനു പങ്കുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചങ്ങനാശേരിയിൽ വിവാദ ചിട്ടികമ്പനി നടത്തിയ കോൺഗ്രസ് നേതാവാണ് ഇപ്പോൾ സംസഥാന സർക്കാരിനെക്കൊണ്ടു പദ്ധതിക്കു അനുമതി നൽകിക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചിരുന്നതും.
പരിസ്ഥിതി ദുർബലമായ വേമ്പനാടിനെയും കാർഷികമേഖലയായ കുട്ടനാടിനെയും തകർത്ത് മെത്രാൻകായലിലെ 378 ഏക്കർനിലം നികത്തി ടൂറിസം പദ്ധതി തുടങ്ങാനുള്ള റവന്യൂവകുപ്പ് ഉത്തരവാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. 2006- 07 മുതൽ 100ഓളം ബ്രോക്കർമാർ മുഖേന 19 കമ്പനികൾ രജിസ്റ്റർ നടത്തിയാണ് റക്കിൻഡോ ഡെവലപേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മെത്രാൻകായൽ കൈവശപ്പെടുത്തിയത്. ഇവയിൽ ഒമ്പത് കമ്പനിക ഒരുവീട്ടുപേരിലും ഏഴ് കമ്പനികൾ എറണാകുളം, കണയന്നൂർ താലൂക്കിലെ വെണ്ണമലയിലെ ഒരുനമ്പരിൽ രജിസ്റ്റർ ചെയ്തത്. കേരളത്തിലെ ഭൂപരിഷ്‌കരണനിയമം അട്ടിമറിക്കുന്ന തരത്തിലാണ് ‘റക്കിൻഡോ’ വിവിധകമ്പനികളിലൂടെ സ്ഥലം കരസ്ഥമാക്കിയത്.
പിന്നീട് 34 കമ്പനികളുടെ പേരിൽ സ്ഥലംമാറ്റിയിട്ടും റക്കിൻഡോയുടെ ഔദ്യോഗികവെബ്‌സൈറ്റിൽ ടൂറിസം പദ്ധതിയുടെ രൂപരേഖയും വിശദാംശവും നൽകിയിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് കുമരകം ടൂറിസ്റ്റ് വില്‌ളേജ് പ്രോജക്ട് ആയി സമർപ്പിച്ച പദ്ധതിക്ക് അനുമതി നിഷേധിച്ചു. പിന്നീട് കുമരകം ഇക്കോ ടൂറിസം വില്‌ളേജ് പ്രോജക്ടായി മാറ്റിയാണ് സർക്കാർ അനുമതിക്ക് സമർപ്പിച്ചത്. പ്രദേശികസമിതിയും കുരമകം പഞ്ചായത്തും സർക്കാറിന്റെ അഞ്ചുവകുപ്പുകളും പദ്ധതിക്ക് എതിരായി റിപ്പോർട്ട് സമർപ്പിച്ചു. നിയമസഭാ പരിസ്ഥിതി സമിതിയും പദ്ധതിയെ എതിർത്തിട്ടുണ്ട്. 2016 ഫെബ്രുവരി നാലിന് മെത്രാൻകായൽ നികത്താനോ നിർമാണപ്രവർത്തനങ്ങൾ നടത്താനോ പാടില്‌ളെന്ന ഹൈകോടതിവിധിയും അവഗണിച്ചാണ് പുതിയ ഉത്തരവ്. തദ്ദേശസ്വയംഭരണം, മത്സ്യബന്ധനതുറമുഖം, പരിസ്ഥിതി, വ്യവസായം, കൃഷി വകുപ്പുകളുടെ റിപ്പോർട്ടിൽ മെത്രാൻകായൽ കൃഷിയല്ലാതെ മറ്റുകാര്യങ്ങൾക്ക് വിനിയോഗിച്ചാൽ പരിസ്ഥിതിക്ക് ദോഷകരമാകുമെന്നും കുമരകം പഞ്ചായത്ത് ഡേറ്റാബാങ്കിൽ നിലമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഈസാഹചര്യത്തിലാണ് 10 കൊല്ലമായി തരിശായി കിടക്കുന്ന മെത്രാൻകായൽ കൃഷിക്ക് യോഗ്യമല്‌ളെന്ന് കോട്ടയം ജില്ലാകലക്ടർ റിപ്പോർട്ട് നൽകിയത്. കമ്പനിപ്രതിനിധികൾ സെക്രട്ടറിയേറ്റ് കയറിയിറങ്ങി സമ്പാദിച്ച അനുകൂല ഉത്തരവിന്റെ മറവിൽ കോട്ടയം താലൂക്കിൽ വരുന്ന മെത്രാൻ കായലിന്റെ രജിസ്‌ട്രേഷൻ ഇടപാടുകൾ ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സബ് രജിസ്ട്രാർ ഓഫീസ് മുഖേനയാണ് നടത്തിയത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് പദ്ധതിയുമായി മുന്നോട്ടപോയ റക്കിൻഡോ കമ്പനിക്കെതിരെ വിവിധപരിസ്ഥിതിസംഘടനകളും ട്രേഡ് യൂനിയനുകളും പ്രതിഷേധമുയർത്തിയതോടെ പിൻവാങ്ങുകയായിരുന്നു.
മെത്രാൻകായൽ നികത്താനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുമരകം മെത്രാൻകായൽ സംരക്ഷണ പ്രക്ഷോഭസമിതി സമരം പ്രഖ്യാപിച്ചിട്ടുമുണ്ട്. സമരത്തിന്റെ ഭാഗമായി ഈമാസം 10ന് കോട്ടയം കലക്ടറേറ്റിന് മുന്നിൽ വിവിധപരിസ്ഥിതിസംഘടനകളുടെ നേതൃത്വത്തിൽ സായാഹ്നധർണ സംഘടിപ്പിക്കും. 2008ലെ നെൽവയൽനീർത്തട സംരക്ഷണനിയമത്തെ അട്ടിമറിക്കുന്ന പുതിയഉത്തരവ് പരസ്യമായി കത്തിക്കും. നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് പദ്ധതിക്ക് അനുമതി നൽകിയത് വൻഅഴിമതിയിലൂടെയാണ്. ഉത്തരവ് പിൻവലിച്ച് ബന്ധപ്പെട്ടവർക്കെതിരെ അന്വേഷണം നടത്തിയില്‌ളെിൽ ബഹുജനസമരവും നിയമപോരാട്ടവും നടത്തുമെന്നും അവർ മുന്നറിയിപ്പ് നൽകി.