ജന്തുജന്യ രോഗ നിര്‍ണയത്തിനായി ലോകോത്തര ലബോറട്ടറി ഒരുങ്ങുന്നു *ഈമാസം 20ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

തിരുവനന്തപുരം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജന്തുജന്യ രോഗനിര്‍ണയത്തിനായി ലോകോത്തര ലബോറട്ടറി ഒരുങ്ങുന്നു. പാലോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിനോട് ചേര്‍ന്നുള്ള റഫറല്‍ ഡയഗ്നോസ്റ്റിക് ലബോറട്ടറി ഈമാസം 20-ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കും. സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തിലുള്ള ആദ്യത്തെ ‘ബയോസേഫ്റ്റി ലെവല്‍-2 സുരക്ഷാ സംവിധാനമുള്ള മൈക്രോബയോളജി ലാബറട്ടറി’ സമുച്ചയമാണിത്. നാലുകോടി രൂപ ചെലവില്‍ 5000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നൂതന സൗകര്യങ്ങളോടെയാണ് ലബോറട്ടറി പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ലാബോറട്ടറി പ്രവര്‍ത്തനക്ഷമമാകുന്നതോടെ പക്ഷിപ്പനി, എലിപ്പനി, കുരങ്ങുപനി, പേവിഷബാധ തുടങ്ങിയ ജന്തുജന്യ രോഗനിര്‍ണയത്തിന് കര്‍ഷകര്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരില്ല. അടിയന്തര സാഹചര്യങ്ങളില്‍ പൊട്ടിപ്പുറപ്പെടുന്ന സാംക്രമികരോഗങ്ങളെ നിയന്ത്രിക്കുന്നതിനും കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടം ഒഴിവാക്കുന്നതിനും ലബോറട്ടറി ഉപകാരപ്പെടും.

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പാലോട് ഒരുങ്ങുന്ന 'ബയോസേഫ്റ്റി ലെവല്‍-2 സുരക്ഷാ സംവിധാനമുള്ള മൈക്രോബയോളജി ലാബറട്ടറി.

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പാലോട് ഒരുങ്ങുന്ന ‘ബയോസേഫ്റ്റി ലെവല്‍-2 സുരക്ഷാ സംവിധാനമുള്ള മൈക്രോബയോളജി ലാബറട്ടറി.

പരിശോധനയ്ക്ക് എത്തുന്ന സാമ്പിളുകളില്‍ നിന്ന് രോഗം പടരാതിരിക്കാനുള്ള സംവിധാനങ്ങള്‍ ബി.എസ്.എല്‍-2 ലാബില്‍ ഉണ്ട്. നിയന്ത്രിതമായ ബയോമെട്രിക് പ്രവേശന രീതിയാണ് സജ്ജമാക്കിയിരിക്കുന്നത്. അതിനാല്‍ അണുനശീകരണം നടത്തിയ വായു സഞ്ചാരം മാത്രമേ ലാബിനുള്ളിലും പുറത്തേക്കും സാധ്യമാകൂ. ലബോറട്ടറി മാലിന്യങ്ങളും അണുനശീകരണത്തിന് ശേഷമാണ് പുറത്തേക്ക് വിടുക. ഐ വാഷ്, സി.സി ടി.വി ക്യാമറകള്‍, അലാറം, സ്വയം സുരക്ഷാ കവചം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
വൈറല്‍ രോഗങ്ങള്‍ സ്ഥിരീകരിക്കുന്നതിനും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുന്നതിനും സഹായിക്കുന്ന ‘സെല്‍ കള്‍ച്ചര്‍’ ലാബും ‘റെസിഡ്യൂ അനലറ്റിക്കല്‍’ ലാബും ഇതോടൊപ്പം പ്രവര്‍ത്തനസജ്ജമാകും. ഇതിന് പുറമേ, ആധുനിക രോഗനിര്‍ണയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ‘മോളിക്കുലാര്‍ ബയോളജി ലാബും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. പരിശീലനത്തിനും സന്ദര്‍ശനത്തിനും എത്തുന്ന ട്രെയിനികള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും താമസത്തിനും വിശ്രമത്തിനുമായി വി.ഐ.പി ഗസ്റ്റ് ഹൗസും ഒരുക്കിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിനായിരുന്നു നിര്‍മാണ ചുമതല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top