കല്യാണത്തലേന്ന് പട്ടാളക്കാരൻ കാമുകിക്കൊപ്പം മുങ്ങി; പത്തു ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വധുവിന്റെ ബന്ധുക്കൾ

സ്വന്തം ലേഖകൻ

കോട്ടയം: കാശ്മീരിൽ നിന്നു വിവാഹത്തിനായി ലീവിനു മടങ്ങു വരുന്നതിനിടെ പട്ടാളക്കാരൻ കാമുകിയെയുമായി മുങ്ങി. മൊബൈൽ ഓഫ് ചെയ്ത ശേഷം പട്ടാളക്കാരൻ മുങ്ങിയതോടെ വിവാഹവും മുടങ്ങി. ഇതിനിടെ പ്രതിശ്രുത വധുവിനെയും ബന്ധുക്കളെയും പട്ടാളക്കാരന്റെ കാമുകി ഫോണിൽ ബന്ധപ്പെട്ട് വിവാഹത്തിൽ നിന്നും പിൻമാറണമെന്നു അഭ്യർഥിച്ചതും വിവാദമായി.
ഇടുക്കി – കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശത്തു താമസിക്കുന്ന പെൺകുട്ടിയും കോട്ടയം ആർപ്പൂക്കര സ്വദേശിയായ പട്ടാളക്കാരനും തമ്മിലുള്ള വിവാഹം ഏപ്രിൽ 17 ഞായറാഴ്ച മുണ്ടക്കയം ചോറ്റി മഹാദേവക്ഷേത്രത്തിൽ വച്ചാണ് നിശ്ചയിച്ചിരുന്നത്. വിവാഹ ആവശ്യത്തിനെന്ന പേരിൽ കാശ്മീരിൽ ജോലി ചെയ്യുന്ന പട്ടാളക്കാരൻ ഒന്നാം തീയതി തന്നെ ജോലി സ്ഥലത്തു നിന്നു പുറപ്പെടുകയും ചെയ്തിരുന്നു. ഏഴിനു നാട്ടിലെത്തുമെന്നാണ് പട്ടാളക്കാരൻ ബന്ധുക്കളെയും നാട്ടുകാരെയും സുഹൃത്തുക്കളെയും അറിയിച്ചിരുന്നത്. പത്താം തീയതിയായിട്ടും ഇയാളെ കാണാതായതോടെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെട്ടു. ആദ്യം മറ്റൊരു ഹിന്ദിക്കാരനാണ് ഫോണെടുത്തത്. തുടർന്നു ഫോൺ സ്വിച്ച് ഓഫ് ആയി.
ഇതോടെ ബന്ധുക്കൾ പട്ടാളക്കാരനെ ട്രെയിനിനുള്ളിൽ വച്ചു കാണാതായതായി കാട്ടി ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. ഇതിനിടെയാണ് പട്ടാളക്കാരന്റെ കാമുകി പ്രതിശ്രുത വധുവായ യുവതിയുടെ വീട്ടിലേയ്ക്കു ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തിയത്. തങ്ങൾ ഇരുവരും തമ്മിൽ വിവാഹിതരാകാൻ പോകുകയാണെന്നും, തങ്ങളെ ഉപദ്രവിക്കരുതെന്നും ഇവർ ബന്ധുക്കളോടു ആവശ്യപ്പെട്ടു. തങ്ങളെ ഒന്നിച്ചു ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ പെൺകുട്ടിയുടെ വീടിനു മുന്നിലെത്തി ആത്മഹത്യ ചെയ്യുമെന്നതായിരുന്നു മറ്റൊരു ഭീഷണി. ഇതോടെയാണ് പട്ടാളക്കാരന്റെ ബന്ധുക്കൾ ഇയാൾക്കു വേണ്ടി അന്വേഷണം ശക്തമാക്കിയത്.
തുടർന്നു നടത്തിയ അന്വേഷണത്തിൽ കാമുകിയായ യുവതിയുമായി രജിസ്റ്റർ മാരേജ് നടത്തിയ പട്ടാളക്കാരൻ എറണാകുളത്തുണ്ടെന്നു കണ്ടെത്തി. തുടർന്നു ബന്ധുക്കൾ ഇയാളെ തിരഞ്ഞ് എത്തിയെങ്കിലും നിമിഷങ്ങൾക്കകം തന്നെ ഇയാൾ സ്ഥലം വിട്ടിരുന്നു. പട്ടാളക്കാരൻ എത്താതിരുന്നതിനെ തുടർന്നു 17 നു നടക്കേണ്ട വിവാഹം മുടങ്ങി. ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിച്ച് എല്ലാവരും എത്തിച്ചേർന്നെങ്കിലും വിവാഹം മുടങ്ങിയതിൽ പ്രതിഷേധിച്ച പെൺകുട്ടിയുടെ വീട്ടുകാർ പത്തുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പട്ടാളക്കാരനും കുടുംബത്തിനും എതിരെ പരാതി നൽകിയിരക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top