ക്രൈം ഡെസ്‌ക്
ന്യൂഡൽഹി: അതിർത്തി കടന്ന് സർജിക്കൽ ഓപ്പറേഷനിലൂടെ ഭീകരക്യാംപ് തകർത്ത ഇന്ത്യൻ കമാൻഡോകൾ ഉറിയിൽ കൊല്ലപ്പെട്ട സൈനികരുടെ സഹപ്രവർത്തകരെന്നു റിപ്പോർട്ട്. കമാൻഡോ പരിശീലനം ലഭിച്ച ബീഹാർ, ഡോഗ്ര ബറ്റാലിയനിൽ നിന്നുള്ള ഇന്ത്യൻ സൈനിക സംഘമാണ് ലൈൻ ഓഫ് കൺട്രോൾ കടന്ന് തീവ്രവാദി ക്യാംപുകൾ തച്ചുതകർത്ത് തിരിച്ചെത്തിയത്. ഇതേ ബറ്റാലിയനിലെ സൈനികരെ തന്നെ സർജിക്കൽ ഓപ്പറേഷനു നിയോഗിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും, സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമാണ് സൈന്യത്തിനു നിർദേശം നൽകിയത്.
ഉറിയിലെ സൈനിക ക്യാംപ് ആക്രമിച്ച ഭീകരർ ബീഹാർ, ഡോഗ്രാ ബെറ്റാലിയനിൽ നിന്നുള്ള 19 സൈനികരെയാണ് കൊലപ്പെടുത്തിയത്. ഇതിനുള്ള പ്രതികാരമായി അതിർത്തി കടന്നുള്ള സൈനിക നീക്കം ആസൂത്രണം ചെയ്തപ്പോൾ തന്നെ ബീഹാർ, ഡോഗ്രാ റെജിമെന്റിൽ നിന്നുള്ള പതിനാറ് കമാൻഡോ സംഘം സ്വയം സന്നദ്ധരായി രംഗത്ത് എത്തുകയായിരുന്നു.
തങ്ങളുടെ റെജിമെന്റിൽപ്പെട്ട സഹപ്രവർത്തകരെ ഉറി ഭീകരക്യാംപ് ആക്രമിച്ചു കൊലപ്പെടുത്തിയത്. കഴിഞ്ഞ സെപ്റ്റംബർ 18 നായിരുന്നു ഉറിയിൽ ഭീകരക്യാംപ് ആക്രമിച്ച് 19 സൈനികരെ കൊലപ്പെടുത്തിയത്. ജെയ്‌ഷെ മുഹമ്മദ് എന്ന തീവ്രവാദി സംഘത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ആർമിയുടെ പന്ത്രണ്ടാം ബ്രിഗേഡിന്റെ ഉറിയിലെ സൈനിക ക്യാംപ് ആക്രമിക്കുകയായിരുന്നു. ആറാം ബീഹാർ റെജിമെന്റിലെ പതിനാറ് സൈനികരും, ഡോഗ്ര റെജിമെന്റിലെ പത്താം ബറ്റാലിയനിൽ ഉൾപ്പെട്ട മൂന്നു സൈനികരുമാണ് ഉറിയിലെ ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ ലൈൻ ഓഫ് കൺട്രോൾ കടന്ന് ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ ഓപ്പറേഷന്റെ ഭാഗമാകാൻ ഇതേ രണ്ടു ബറ്റാലിയനിൽ നിന്നുള്ള ക്രാക്ക് ഗട്ടക്ക് പ്ലാറ്റൂണിൽ നിന്നുള്ള സൈനിക ട്രൂപ്പിനെയാണ് നിയോഗിച്ചിരുന്നത്. ഇതേ സൈന്യത്തിന്റെ സ്ട്രാറ്റജിക് തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. സ്വന്തം സഹപ്രവർത്തകരെ കൊലപ്പെടുത്തിയവരോടുള്ള സൈന്യത്തിന്റെ പ്രതികാരം തീർക്കാനുള്ള അവസരമായാണ് ഇതിനെ വിലയിരുത്തിയത്. അതുകൊണ്ടു തന്നെയാണ് ദോഗ്രാ, ബീഹാർ റെജിമെന്റിൽ നിന്നുള്ളവരെ ആക്രമണത്തിനായി നിയോഗിച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം.