ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം. ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ജമ്മുവിൽനിന്നും ശ്രീനഗറിലേക്ക് പോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിനുനേരെ ദേശീയപാതയിൽവച്ചാണ് ആക്രമണം ഉണ്ടായതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ഭീകരർക്കായുളള തിരച്ചിൽ സൈന്യം തുടങ്ങി. സൈനിക മേധാവി ബിപിൻ റാവത്ത് മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ഒരു ദിവസം പിന്നിടുമ്പോഴാണ് ഭീകരാക്രമണം.
അതിനിടെ, ജമ്മു കശ്മീരിലെ പൂഞ്ചിൽ വീണ്ടും പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു. പൂഞ്ചിൽ ജനവാസ പ്രദേശത്തെ സൈനിക പോസ്റ്റിനുനേരെയാണ് പാക്കിസ്ഥാൻ ചെറുപീരങ്കി ഉപയോഗിച്ച് ആക്രമണം നടത്തിയത്.