രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് സൈന്യം പൂര്‍ണ സജ്ജരാണെന്ന് കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്. ഏതു ദൗത്യവും ഏറ്റെടുക്കാന്‍ സൈന്യം തയാറാണെന്നും കരസേന മേധാവി വ്യക്തമാക്കി.രാജ്യത്തിന്റെ സുരക്ഷയ്ക്ക് അനുദിനം ഭീഷണി വര്‍ധിച്ചുവരികയാണെന്നും പക്ഷേ, ഭാരത സൈന്യത്തിന്റെ വീര്യം കെടുത്താന്‍ അത്തരം സംഭവങ്ങള്‍ക്കു സാധിക്കില്ലെന്നും ദല്‍ബീര്‍ സിങ് വ്യക്തമാക്കി. സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഉറപ്പുവരുത്താന്‍ രാജ്യത്തെ മുഴുവന്‍ സൈനിക വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പത്താന്‍കോട്ട് ആക്രമണത്തില്‍ ഭീകരരെ തുരത്താനായത് രാജ്യത്തിന്റെ സൈനികശക്തിയുടെ തെളിവാണ്. സൈന്യത്തിന്റെ പ്രത്യാക്രമണം ഭീകരരെ ഭയപ്പെടുത്തിട്ടുണ്ടെന്നും ദല്‍ബീര്‍ സിംഗ് പറഞ്ഞു. വ്യോമസേന താവളത്തിലെ സൈനിക ഓപ്പറേഷനില്‍ സുരക്ഷാ ഏജന്‍സികളുടെ ഏകോപനത്തില്‍ പിഴവുകള്‍ ഉണ്ടായിട്ടില്ലെന്നും പരസ്പര ഏകോപനത്തോടെ മികച്ച രീതിയില്‍ ഒാപ്പറേഷന്‍ നടത്താന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വ്യോമതാവളത്തിനകത്തുള്ളവരെ ഭീകരര്‍ ബന്ധികളാക്കുന്നത് തടയാനാണ് എന്‍എസ്ജിയെ വിന്യസിച്ചത്. മരണനിരക്ക് കുറയ്ക്കുന്നതിനായിരുന്നു കൂടുതല്‍ സമയമെടുത്ത് ഓപ്പറേഷന്‍ നടത്തിയത്. പത്താന്‍കോട്ടിലെ ഓപ്പറേഷന്‍ ഏറെ പ്രയാസം നിറഞ്ഞതായിരുന്നുവെന്നും കരസേന മേധാവി വ്യക്തമാക്കി.