തിരുവനന്തപുരം: മില്‍മ തങ്ങളുടെ എല്ലാത്തരം പാലിനും വിലകൂട്ടി. ലിറ്ററിന് നാല് രൂപയാണ് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില ഈ മാസം 11 മുതല്‍ നിലവില്‍ വരുമെന്ന് മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്. വരള്‍ച്ചയെത്തുടര്‍ന്ന് ആഭ്യന്തര പാലുത്പാദനത്തില്‍ കുറവുണ്ടായതിനാല്‍ ഇറക്കുമതി വര്‍ധിപ്പിക്കേണ്ടി വരുന്നതാണ് വിലവര്‍ധനയ്ക്ക് കാരണമായി മില്‍മ പറയുന്നത്.
വര്‍ധിപ്പിക്കുന്ന നാലുരൂപയില്‍ മൂന്ന് രൂപ 35 പൈസ കര്‍ഷകന് ലഭിക്കും. ഇപ്പോള്‍ ലഭിക്കുന്ന 16 പൈസയ്ക്ക് പുറമെ 16 പൈസകൂടി ക്ഷീരകര്‍ഷക സംഘങ്ങള്‍ക്ക് ലഭിക്കും. 16 പൈസ ക്ഷേമനിധി ബോര്‍ഡിനും 14 പൈസ മില്‍മയ്ക്കും കിട്ടും.
വിലവര്‍ധിപ്പക്കണമെന്ന മില്‍മയുടെ ശുപാര്‍ശ നേരത്തെ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. ജനുവരി 20 ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വിലവര്‍ധനവ് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ എത്രരൂപ വര്‍ധിപ്പിക്കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊണ്ടിരുന്നില്ല.