കൊച്ചി:മിമിക്രി ലോകത്തും ചിന്താ ജെറോം ഹിറ്റാവുകയാണ് . മഴവിൽ മനോരമയിലെ മിമിക്രി മഹാമേളയുടെ വേദിയിൽ തകർപ്പൻ പ്രകടനവുമായി കൊല്ലം കുണ്ടറ സ്വദേശി റിനു. സിനിമാ–രാഷ്ട്രീയ മേഖലകളിലെ 20 സ്ത്രീ ശബ്ദങ്ങൾ അനുകരിച്ച് റിനു കയ്യടി നേടി. റിനു അനുകരിച്ച സംസ്ഥാന യുവജനകമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ‘ജിമിക്കി കമ്മൽ പ്രസംഗത്തിന്’ ൈഫ്ലയിങ് കിസ് നൽകിയാണ് സുരാജ് സന്തോഷം പ്രകടിപ്പിച്ചത്. തന്റെ സുഹൃത്ത് കൂടിയായ ചിന്തയെ ഇത്ര ഗംഭീരമായി അനുകരിക്കുന്നത് ആദ്യമായാണ് കേൾക്കുന്നതെന്നു റിനുവിനെ അഭിനന്ദിച്ചുകൊണ്ട് സുരാജ് പറഞ്ഞു.
ഭാവന, ബാലതാരം മീനാക്ഷി, അമല പോൾ, പാർവതി തിരുവോത്ത്, സുരഭി ബിന്ദു പണിക്കർ, നവ്യ നായർ, മംമ്ത മോഹൻദാസ് ഫിലോമിന മിമിക്രി മഹാമേളയുടെ അവതാരകയായ ആര്യ എന്നിവരുടെ ശബ്ദവും റിനു അനുകരിച്ചു. ആദ്യമായാണ് ഒരാൾ തന്റെ ശബ്ദം അനുകരിക്കുന്നത് കേൾക്കുന്നതെന്ന് ആര്യ പറഞ്ഞു.മിമിക്രി മഹാമേളയുടെ വേദിയിൽ ശബ്ദ അനുകരണവുമായി എത്തുന്ന ആദ്യ പെണ്‍കുട്ടിയാണ് റിനു. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിൽ ബിഎസ്‌സി വിദ്യാർഥിയായി റിനു മിമിക്രിയിൽ യൂണിവേഴ്സിറ്റി കലേത്സവത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.