സ്വന്തം ലേഖകൻ
കോട്ടയം: ദേശീയ ഗെയിംസ് അഴിമതിയെപ്പറ്റി ചോദ്യം ഉന്നയിച്ച ക്യാമറാമാനു നേരെ തട്ടിക്കയറി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ചോദ്യം ഇഷ്ടപ്പെടാതിരുന്ന മന്ത്രിയും അനുയായികളും ചേർന്നു ക്യാമറ തട്ടിപ്പറിച്ചെടുക്കുകയും, ദൃ്ശ്യങ്ങൾ നശിപ്പിക്കുകയും ചെയ്തു.
ഇന്നലെ വൈകുന്നേരത്തോടെ മുൻകൂർ അനുമതി വാങ്ങി മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അഭിമുഖം എടുക്കാനെത്തിയ ജനംടിവി ക്യാമറാമാനും റിപ്പോർട്ടർക്കും നേരെയാണ് മന്ത്രിയും അനുയായികളും തട്ടിക്കയറിയത്.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. ജനം ടിവിയുടെ ‘നേതാവിനോടൊപ്പം’ എന്ന പരിപാടിയുടെ അഭിമുഖത്തിനായാണ് മുൻകൂട്ടി അനുമതി വാങ്ങി ചാനൽ റിപ്പോർട്ടർ അങ്കുഷ്‌കുമാറും ക്യാമറാമാൻ അനൂപ് എസ് നായരും എത്തിയത്. പല ചോദ്യങ്ങൾക്ക്ശേഷം താങ്കൾക്കെതിരെയുള്ള ആരോപണങ്ങളെ എങ്ങനെ നേരിടുമെന്ന ചോദ്യമാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
‘നിന്റെ അപ്പന്റെ പ്രായമുള്ള എന്നോടാണോ ഇതൊക്കെ ചോദിക്കുന്നതെന്ന്’ അദ്ദേഹം ചോദിച്ചു. തുടർന്ന് ഇവരെ പിടിച്ചുമാറ്റാൻ അനുയായികൾക്ക് നിർദേശവും നൽകി. ക്യാമറയിലെ ദൃശ്യങ്ങളും നശിപ്പിച്ചു. മന്ത്രിമാരുടെ പ്രത്യേക അഭിമുഖം എടുക്കുന്നതിന്റെ ഭാഗമായി എത്തിയ ജനം ടിവി സംഘത്തിനുനേരെയാണ് മന്ത്രിയും അനുയായികളും ഭീഷണി മുഴക്കിയത്.
അപ്പോൾതന്നെ കൂടെയുണ്ടായിരുന്നവർ റിപ്പോർട്ടറെയും ക്യാമറാമാനെയും തടഞ്ഞുവച്ചു. ക്യാമറയിലെ ദൃശ്യങ്ങൾ നശിപ്പിച്ചശേഷമാണ് പുറത്തുപോകാൻ അനുവദിച്ചത്. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധാർഹമാണെന്നും പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ് മനോജ് പറഞ്ഞു.