ഉമ്മൻചാണ്ടിയുടെ വിധി പിണറായിയുടെ കയ്യിൽ; സോളാർ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച സോളാര്‍ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് കൈമാറി. അന്വേഷണം തുടങ്ങി നാല് വര്‍ഷത്തിന് ശേഷമാണ് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഈ മാസം 27ന് കമ്മീഷന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കേസിലെ റിപ്പോര്‍ട്ടിലെ വിവരങ്ങൾ പുറത്ത് വരുന്നതേ ഉള്ളൂ. ഉമ്മൻചാണ്ടിയെക്കൂടാതെ നിരവധി കോൺഗ്രസ് നേതാക്കൾക്കെതിരെ സരിത എസ് നായർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സാമ്പത്തിക ആരോപണങ്ങൾ കൂടാതെ ലൈംഗിക ആരോപണങ്ങളും സരിത എസ് നായർ ഉന്നയിച്ചിരുന്നു. ഏതെങ്കിലും തരത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ സരിതയ്ക്ക് വേണ്ടി അധികാര ദുർവിനിയോഗം നടത്തിയിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ കണ്ടെത്തൽ ഉണ്ടെങ്കിൽ അത് ഉമ്മൻചാണ്ടിക്ക് വിനയാകും. സരിത എസ് നായരുടേയും ബിജു രാധാകൃഷ്ണന്റേയും ഉടമസ്ഥതയിലുള്ള ടീം സോളാര്‍ എന്ന കമ്പനി സംസ്ഥാനത്ത് സൗരോര്‍ജ്ജ സംവിധാനങ്ങള്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം നടത്തി ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയെന്നതാണ് വിവാദമായ സോളാർ കേസ്. ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നിന്നടക്കം ഇതിന് സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് ആരോപണം.കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയില്‍ നിന്നും സോളാര്‍ കമ്മീഷന്‍ മൊഴിയെടുത്തിരുന്നു. റിപ്പോര്‍ട്ട് പരിശോധനിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കണമോ തള്ളണമോ എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കും.

Top