ആലപ്പുഴ: സംസ്ഥാനത്ത് സ്ത്രീപീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. സ്ത്രീകള്‍ വഴിനീളെ ഫോണില്‍ സംസാരിക്കുന്നതാണെന്ന് മന്ത്രി ജി സുധാകരന്‍. ആലപ്പുഴയില്‍ ശിശുക്ഷേമ വകുപ്പിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ ‘കണ്ടെത്തലുകള്‍’ പുറത്തുവന്നത്.
പീഡനങ്ങള്‍ ഉപേക്ഷിക്കാന്‍ നല്ലവഴി കൃഷിയാണ്. കൃഷിയില്‍ വ്യാപൃതനായി കഴിഞ്ഞാല്‍ ഒരാള്‍ക്ക് പീഡിപ്പിക്കാന്‍ കഴിയില്ല. പണിയില്‍ മുഴുകി കഴിയുന്ന ഇയാള്‍ക്ക് പീഡിപ്പിക്കാന്‍ എവിടുന്നാണ് സമയം. സമൂഹത്തിന് ആത്മനിയന്ത്രണമാണ് ആവശ്യം. ഇത് സര്‍ക്കാരിനോ പൊലീസിനോ ചെയ്യാന്‍ കഴിയുന്നതല്ല. മറിച്ച് പഞ്ചായത്തുകളും നഗരസഭകളും ഇക്കാര്യത്തില്‍ ഇടപെടണം. അവര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിചെന്ന് പ്രശ്‌നങ്ങള്‍ പഠിക്കണം. ഗവേഷണം എന്നൊക്കെ പറയുന്നത് ഇതിനെയാണ്. – മന്ത്രി വ്യക്തമാക്കി.
സ്ത്രീകള്‍ ഉപേക്ഷിക്കേണ്ടത് പലതുമുണ്ട്. എന്നാല്‍ ഞാന്‍ അത് പറയുന്നില്ല. നിയമസഭയില്‍ അടിയന്തിര പ്രമേയം നേരിടാന്‍ എനിക്ക് വയ്യ. പക്ഷെ വനിതകള്‍ പലതും ഉപേക്ഷിക്കേണ്ടതുണ്ടെന്ന കാര്യം വ്യക്തമാണ്. വഴിയരികിലൂടെ ചെവില്‍ ഫോണും പിടിച്ച് നടന്നു പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇവര്‍ക്ക് യാതൊരു ബോധവുമില്ല. അടുത്തുകൂടി പോകുന്നവര്‍ കൂട്ടിയിടിച്ചാലും ഇവര്‍ അറിയുന്നില്ല. ഫോണില്‍ മാത്രമാണ് അവരുടെ ശ്രദ്ധ.
ഇത്തരം സാഹചര്യങ്ങളെയാണ് സാമൂഹ്യവിരുദ്ധര്‍ മുതലാക്കുന്നത്. അതുക്കൊണ്ടു സ്ത്രീകള്‍ പലകാര്യങ്ങളിലും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇനിയും പല കാര്യങ്ങളുണ്ട്. എല്ലാം പറഞ്ഞ് പൊല്ലാപ്പ് പിടിക്കുന്നില്ല. സമൂഹം കൂടുതല്‍ പക്വത കൈവരിക്കേണ്ടതുണ്ട്. എല്ലാം സൂപ്പര്‍ലേറ്റിവായി കാണുകയാണ് അവര്‍. സംസ്ഥാനത്ത് സാമൂഹ്യജീവതം തകര്‍ക്കുന്ന യാതൊരു പ്രശ്‌നങ്ങളൊന്നുമില്ലെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.
പ്രശ്‌നങ്ങള്‍ മാധ്യമ സൃഷ്ടിമാത്രമാണ്. എല്ലാത്തിനെയും പ്രശ്‌നങ്ങളായി കാണുന്നതാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് താല്പര്യം. ഇടുക്കിയിലെ വനമേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമെന്ന് കണ്ടെത്തിയ ഒരു പ്രമുഖ ചാനലിന്റെ ലേഖകന്‍ അവിടെ എത്തി എഴുന്നേറ്റ് നടക്കാന്‍ കഴിയാത്തഒരു അമ്മൂമ്മയുടെ അരികില്‍നിന്ന് കുടിവെള്ള ക്ഷാമത്തെ കുറിച്ച് ഘോരഘോരം തട്ടിവിടുന്നത് കണ്ടു.
എന്നാല്‍ ദാഹജലം ലഭിക്കാതെ നട്ടംതിരിയുന്ന ആ അമ്മയ്ക്ക് ഒരു കുപ്പി വെള്ളം കൊണ്ടെത്തിക്കാന്‍ ആ റിപ്പോര്‍ട്ടര്‍ മെനക്കെട്ടില്ല. ഇയാള്‍ വെള്ളം സുലഭമായി ലഭിക്കുന്ന പട്ടണത്തില്‍നിന്നും പോയതല്ലെ? അല്പം വെള്ളം കൊടുത്തശേഷം അയാള്‍ക്ക് അത് റിപ്പോര്‍ട്ട് ചെയ്യാമായിരുന്നു. എങ്കില്‍ ആ വാര്‍ത്തയ്ക്ക് കൂടുതല്‍ കരുണയും മൈലേജും ലഭിച്ചേനെ.
പക്ഷെ അയാളുടെ മനസില്‍ കേരളത്തിലെ ഭീകരപ്രശ്‌നങ്ങളെ ജനങ്ങളുടെ മുന്നില്‍ വരച്ചു കാട്ടാനുള്ള ത്വരയായിരുന്നു. ഇതേ മാനസികാവസ്ഥയില്‍ തന്നെയാണ് എല്ലാ കാര്യങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ ഇടപെടുന്നത്. ഇടുക്കിയിലെ വനമേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ സംഭവം വിവരിക്കാന്‍ നടത്തിയ വാര്‍ത്തയാണ് മന്ത്രിയെ ഇങ്ങനെ ചിന്തിപ്പിച്ചത്.
സമൂഹത്തില്‍ കുട്ടികളും സ്ത്രീകളും പീഡിപ്പിക്കപ്പെടുന്നത് വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് വളരെ ശുഷ്‌ക്കാന്തിയാണ്. എന്നാല്‍ ഇതിന്റെ കാരണങ്ങള്‍ തിരയാന്‍ അവര്‍ക്ക് സമയമില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇത്തരം പ്രതികരണങ്ങള്‍ വന്നതോടെ സുധാകരന്റെ പ്രസംഗം ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍.