സ്വന്തം ലേഖകൻ
ലഖ്നൗ: ഉദ്യോഗസ്ഥർ മന്ത്രിമാർക്കും എംഎൽഎമാർക്കും മുന്നിൽ ആദര സൂചകം എഴുന്നേറ്റ് നിൽക്കുക. യുപിയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി യോഗിയുടെ നിർദ്ദേശം. യുപി സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവാണ് ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തുന്നത്. ഒരു മന്ത്രി, എം.പി അല്ലെങ്കിൽ എംഎൽഎ സർക്കാർ ഓഫീസിലേക്ക് എത്തുമ്പോൾ സർക്കാർ ഉദ്യോഗസ്ഥർ ആദരം പ്രകടിപ്പിക്കണം. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കാണുമ്പോൾ അത് ആവർത്തിക്കണം.
ഉത്തർപ്രദേശ് ഗവൺമെന്റ് ചീഫ് സെക്രട്ടറി രാജീവ്കുമാർ സർക്കാർ ഉദ്യോഗസ്ഥർക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്റെ ഓഫീസിലുള്ളവർ ഞാൻ വരുമ്പോൾ ഓഫീസ് മര്യാദ പാലിക്കാത്തത് എന്നെ നിരുൽസാഹപ്പെടുത്തുകയാണെന്ന് ഒരു എം എൽ എ പരാതിപ്പെട്ടിരുന്നു.
ഗവൺമെന്റ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറുന്നില്ലെന്ന് മറ്റു ചില തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സർക്കാർ നടപടി. പ്രോട്ടോക്കോൾ അനുസരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നുള്ള ചീഫ് സെക്രട്ടറി കുമാറിന്റെ കത്ത് ഒരു ന്യൂസ് ചാനൽ നേരത്തെ പുറത്തുവിട്ടിരുന്നു.