ഛത്തീസ്ഗഢ് മുഖ്യമന്ത്രി വാങ്ങി കൂട്ടിയത് 19 പജേറോകള്‍; എല്ലാത്തിനും നമ്പര്‍ അവസാനിക്കുന്നത് 004- ല്‍

ഛത്തീസ്ഗഢ്: അന്ധവിശ്വാസത്തിന്റെ പേരില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗ് അടുത്തിടെ വാങ്ങിക്കൂട്ടിയ ആഢംബര എസ് യു വികളും അവയുടെ നമ്പറുകളും വിവാദമാകുന്നു. സ്വന്തം വാഹനവ്യൂഹത്തിലേക്ക് 19 മിത്സുബിഷി പജേറോ എസ്‌യുവികളെയാണ് രമണ്‍സിംഗ് പുതുതായി വാങ്ങിയത്.19 എസ്‌യുവികളുടെയും രജിസ്‌ട്രേഷന്‍ നമ്പര്‍ അവസാനിക്കുന്നത് ‘004’ എന്ന സംഖ്യകളിലാണ് എന്നതും ശ്രദ്ധേയം. ധൂര്‍ത്തിനൊപ്പം മുഖ്യമന്ത്രിയുടെ അന്ധവിശ്വാസവുമാണ് ഇതെന്നാണ് ആരോപണം. സംഖ്യാ ശാസ്ത്രത്തിലുള്ള മന്ത്രിയുടെ വിശ്വാസത്തിന്റെ പേരില്‍ സംസ്ഥാന ഖജനാവില്‍ നിന്നും പണം ചെലവഴിച്ച് കാറുകളെ വാങ്ങിക്കൂട്ടിയ നടപടിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ’19’ എന്ന സംഖ്യ രമണ്‍സിംഗിന്റെ ഭാഗ്യനമ്പറാണെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നാലാം തവണയും മുഖ്യമന്ത്രിയാകുമെന്ന വിശ്വാസത്തിലാണ് ‘004’ എന്ന് അവസാനിക്കുന്ന നമ്പറില്‍ കാറുകളെ രജിസ്റ്റര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.എന്നാല്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് മുഖ്യമന്ത്രി രമണ്‍സിംഗ് മിത്സുബിഷി പജേറോ എസ്‌യുവികളെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അടിയന്തര സാഹചര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് 19 സമാന എസ്‌യുവികളെ തെരഞ്ഞെടുത്തതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സംഖ്യാ ശാസ്ത്രത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും കാറുകള്‍ക്ക് നമ്പര്‍ നല്‍കിയത് ആര്‍ടിഒ ആണെന്നുമാണ് രമണ്‍സിംഗിന്റെ പ്രതികരണം. 175.5 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണ് മിത്സുബിഷി പജേറോ സ്‌പോര്‍ടിന് കരുത്തു പകരുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ എസ്‌യുവിയുടെ ഫോര്‍വീല്‍ഡ്രൈവ് പതിപ്പ് എത്തുമ്പോള്‍, 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലാണ് പജേറോ സ്‌പോര്‍ട് ടൂവീല്‍ഡ്രൈവ് പതിപ്പ് ഒരുങ്ങുന്നത്. ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ആന്റിഇന്‍ട്രൂഷന്‍ ബ്രേക്ക് പെഡല്‍, ഇലക്ട്രോണിക് ഇമൊബിലൈസര്‍, ക്രാഷ് ഡിറ്റക്ഷന്‍ ഡോര്‍ലോക്ക് സംവിധാനം എന്നിവ ഉള്‍പ്പെടുന്നതാണ് എസ്‌യുവിയുടെ സുരക്ഷാമുഖം. 26.64 ലക്ഷം രൂപ മുതല്‍ 27.54 ലക്ഷം രൂപ വരെയാണ് മിത്സുബിഷി പജേറോ സ്‌പോര്‍ടിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.

cw

Top