തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി, തോമസിന്റെ ഭാര്യ മരുമകന്റെ ഷൂസ് തുടയ്ക്കാന്‍ തന്നോട് ആവശ്യപ്പെട്ടു എന്ന ആരോപണവുമായി മുന്‍ ജീവനക്കാരി ഉഷ. ഷൂസ് തുടയ്ക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് തന്നെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്നും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു. മാത്യു ടി തോമസിന്റെ അമ്മയുടെ ശുശ്രൂഷയ്ക്ക് വേണ്ടിയായിരുന്നു നൂറനാട് സ്വദേശിയായ ഉഷ ജീവനക്കാരിയായി എത്തിയത്. മൂന്ന് വര്‍ഷത്തോളം ഇവര്‍ ജോലിചെയ്തു.
തന്നിലുള്ള വിശ്വാസത്തിന്റെ പേരിലാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി ജേലി തന്നത് എന്നാല്‍, തനിക്കും തന്റെ കുടുംബത്തിനും നേര്‍ക്ക് നടക്കുന്ന ഭീഷണി അവസാനിപ്പിക്കാന്‍ വേണ്ടിയാണ് മാധ്യമങ്ങളെ കണ്ടതെന്ന് യുവതി പറയുന്നു. ഒരിക്കല്‍ തന്നെ മന്ത്രിയുടെ മകളുടെ ഭര്‍ത്താവിന്റെ ഷൂ കഴുകി തുടച്ച് പോളിഷ് ചെയ്യാനും മന്ത്രിയുടെ ഭാര്യയായ അച്ചമ്മ അലക്‌സിന്റെ കാല്‍ കഴുകിച്ച് എണ്ണയിടാനും മകളുടെ വീട്ടില്‍ ജോലി ചെയ്യിക്കാനും ആവശ്യപ്പെട്ടെന്ന് ഇവര്‍ പറയുന്നു. ഇതെല്ലാം വിസമ്മതിച്ച തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന് യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഒരിക്കല്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട അനുഷ എന്ന സ്ത്രീ അവരുടെ എടിഎം കാര്‍ഡ് ഏല്‍പ്പിക്കുകയും പണം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ എടിഎമ്മില്‍ നിന്നും പണം എടുക്കാന്‍ അറിയാത്തതുകൊണ്ട് പ്ലസ്ടുവിന് പഠിക്കുന്ന മകളെക്കൊണ്ട് ചെറിയ തുക എടുത്തുകൊടുത്തു. എന്നാല്‍ ഇത് തന്നെ ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു. ഒരു ലക്ഷം രൂപ ഞങ്ങള്‍ എടുത്തെന്ന് പറഞ്ഞ് എന്നെ സ്റ്റാഫില്‍ നിന്നും ഒഴിവാക്കുകയും മന്ത്രിയുടെ ഭാര്യ മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കുകയും ചെയ്‌തെന്ന് യുവതി പറഞ്ഞു. ദരിദ്ര കുടുംബവും രോഗിയായ ഭര്‍ത്താവും രോഗിയായ മകളും അടങ്ങുന്ന തന്റെ കുടുംബത്തിന് പല തരത്തിലുള്ള ഭീഷണികളാണ് വന്നത്. പണം എടുത്തെത്ത് നീ സമ്മതിച്ചാല്‍ ജോലി തരാമെന്നും അല്ലാത്ത പക്ഷം മന്ത്രിയുടെ ഡ്രൈവറായ പ്രശാന്ത് നിന്നെയും കുടുംബത്തെയും കാണിച്ച് തരുമെന്നും പിഎസ്‌സി ടെസ്റ്റ് എഴുതുന്ന മകനെ പൊലീസിനെക്കൊണ്ട് ഇടിച്ച് കൂമ്പ് കലക്കുമെന്ന് മന്ത്രിയുടെ ഭാര്യ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. പല തവണ കുടുംബവും മന്ത്രി മാത്യു ടി തോമസിനെ അദ്ദേഹത്തിന്റ വീട്ടിലും ഓഫീസിലും ചെന്ന് കാണുകയുണ്ടായെങ്കിലും അദ്ദേഹം കാണുവാന്‍ തയ്യാറായില്ലെന്ന് യുവതി പറഞ്ഞു. ഏപ്രില്‍ മാസത്തിലാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. ന്യൂസ് 18 ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.