തിരുവനന്തപുരം: കോടികള്‍ മുടക്കി തലസ്ഥാനത്തെ ഒരു പ്രമുഖ ആശുപത്രി വിലക്കുവാങ്ങാന്‍ ഒരു കോണ്‍ഗ്രസ് മന്ത്രി കരാര്‍ ഉറപ്പിച്ചുവെന്ന് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മന്ത്രിയുടെ പേര് പത്രം പുറത്തുവിട്ടിട്ടില്ല. അഴിമതി പണമാണ് ഇതിന് ഉപയോഗിക്കുന്നതെന്ന സൂചനയും ഉണ്ട്. മംഗളത്തിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ:
38 കോടി രൂപയുടെ ഇടപാടിലെ ഇടനിലക്കാരന്‍ മന്ത്രിയുടെ ദുബായിലെ അടുത്ത ബന്ധു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഇടപാട് ഉറപ്പിക്കത്തക്കരീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 38 കോടിയില്‍ 20 കോടി രൂപ ആശുപത്രിയുടെ ബാധ്യത തീര്‍ക്കാന്‍ ഉപയോഗിക്കും.
കഴിഞ്ഞ മൂന്നുവര്‍ഷമായി ഉണ്ടാക്കിയ ധാരണയനുസരിച്ചാണ് കൈമാറ്റം. ഈ ആശുപത്രിയുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി മന്ത്രിയും അടുത്ത ബന്ധുക്കളും മുന്നിട്ടിറങ്ങിയിരുന്നു. ആശുപത്രി വാങ്ങുന്നതിന്റെ ഭാഗമായി കോടികളുടെ അഴിമതി ഇടപാടുകളായിരുന്നു വകുപ്പിലുടനീളം അരങ്ങേറിയത്. ഒരു പഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ സഹായത്തോടെയായിരുന്നു ഇതിനുള്ള കരുക്കള്‍ നീക്കിയത്.
വിലയ്ക്കു വാങ്ങുന്നതിന്റെ ഭാഗമായി ആശുപത്രിയില്‍ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. പ്രമുഖ ഡോക്ടര്‍മാരെ നിയമിക്കാന്‍ മന്ത്രിതന്നെ മുന്‍കൈയെടുത്തു. മന്ത്രിബന്ധുവിന്റെ പേരിലായിരിക്കും രജിസ്‌ട്രേഷന്‍. മന്ത്രിയുടെ വകുപ്പിലെ ചില ഇടപാടുകള്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് നടത്തിയത് വിവാദങ്ങള്‍ക്കിടയാക്കി യിരുന്നെങ്കിലും അതു തേച്ചുമാച്ച് കളയുന്നതില്‍ അദ്ദേഹം വിജയിച്ചിരുന്നു. ഈ വിവാദങ്ങളുടെയും അഴിമതിയുടെയും പേരില്‍ മന്ത്രിക്ക് സീറ്റ് നല്‍കരുതെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും വിജയസാധ്യതയുടെ പേരുപറഞ്ഞ് എതിര്‍ വിഭാഗം ഈ ആവശ്യം തള്ളുകയായിരുന്നു.
മന്ത്രിയുടെ ഇടപാടുകളെക്കുറിച്ചുള്ള വിവരം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. ഇക്കാര്യം സര്‍ക്കാരിലെ ഉന്നതരെ ധരിപ്പിച്ചിട്ടുള്ളതായാണു സൂചന. ആശുപത്രി ഇടപാടിനെക്കുറിച്ച് കോണ്‍ഗ്രസിന്റെ കേന്ദ്ര നേതാക്കള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. പക്ഷേ, ദുബായ് കേന്ദ്രീകരിച്ചിട്ടുള്ള ഇടപാടായതിനാലും ഇക്കാര്യത്തില്‍ പ്രത്യക്ഷനടപടികള്‍ ഉണ്ടാകാത്തതിനാലും തല്‍ക്കാലത്തേക്ക് മൗനം പാലിക്കാനാണ് ഈ നേതാക്കളുടെ തീരുമാനം. കെപിസിസി. അധ്യക്ഷന്‍ വി എം. സുധീരന്റെ നിലപാട് ഈ വിഷയത്തില്‍ നിര്‍ണായകമാകുമെന്നും മംഗളം പറയുന്നു.
ഏത് മന്ത്രിയാണ് എന്നും എന്തുകൊണ്ടാണ് മംഗളം പേരു വെളിപ്പെടുത്താത് എന്നും മറുനാടന്‍ അന്വേഷിക്കുന്നുണ്ട്. എന്നാല്‍ മന്ത്രിയുമായി നേരിട്ട് ബന്ധപ്പെടുത്താന്‍ കഴിയുന്ന രേഖകള്‍ ലഭ്യമായില്ലെങ്കില്‍ പേര് വെളിപ്പെടുത്താന്‍ മംഗളത്തെ പോലെ തന്നെ ഞങ്ങള്‍ക്കും പ്രയാസകരമായിരിക്കും.