തിരുവനന്തപുരം : വിതുരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ വനിത ശിശുക്ഷേമ മന്ത്രി വീണ ജോർജ് റിപ്പോര്‍ട്ട് തേടി. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് മന്ത്രി വീണ ജോർജ് അന്വേഷണ റിപ്പോര്‍ട്ട് തേടിയത്.
തിരുവനന്തപുരം വിതുര,പെരിങ്ങമല പഞ്ചായത്തുകളില്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടെയാണ് അഞ്ച് പെൺകുട്ടികൾ ആത്മഹത്യ ചെയ്തത്. രണ്ട് പെൺകുട്ടികൾ ആത്മഹത്യാ ശ്രമവും നടത്തിയിട്ടുണ്ട്.
ആത്മഹത്യ ചെയ്ത 5 പെൺകുട്ടികളും 18 വയസിന് താഴെയുള്ളവരാണ്. ഊരുകളിൽ കഞ്ചാവ് സംഘങ്ങള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നാണ് രക്ഷിതാക്കൾ പരാതിപ്പെടുന്നത്.
പെണ്‍കുട്ടികളെ കഞ്ചാവുള്‍പ്പെടെ നല്‍കി ലൈംഗിക ചൂഷത്തിനിരയാക്കിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ആദിവാസി മേഖലകളില്‍ ലഹരി മാഫിയകള്‍ പിടിമുറുക്കിയിട്ടും പൊലീസും എക്സൈസും ഒരു പരിശോധനയും നടത്തുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.