എറണാകുളം :
മോന്‍സണ്‍ മാവുങ്കല്‍ ഇടപാടുകാരെ കബളിപ്പിക്കാന്‍ ഉപയോഗിച്ച എച്ച്എസ്ബിസി ബാങ്കിന്റെ സീല്‍ പതിച്ച വ്യാജരേഖ അമേരിക്കയിലെ ഒരു ബന്ധു മോന്‍സണ് നിര്‍മ്മിച്ചു നല്‍കിയതാണെന്ന് ഡ്രൈവര്‍ അജി. അജി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എന്നാൽ ഇതേക്കുറിച്ച് മോന്‍സൻV പ്രതികരിച്ചിട്ടില്ല. അതേസമയം, മോന്‍സണ്‍ തട്ടിപ്പിന് മറയാക്കിയ കലിംഗ കല്യാണ്‍ ഫൗണ്ടേഷന്‍ കടലാസ് സംഘടനയാണെന്ന് കണ്ടെത്തി. കലിംഗയിലെ പങ്കാളികളെ ചോദ്യംചെയ്യും. ഫൗണ്ടേഷന്‍ ഡയറക്ടര്‍മാരും പ്രമോട്ടര്‍മാരുമായി ബെംഗളൂരു മലയാളികളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവരില്‍ ഒരാളില്‍ നിന്ന് രണ്ട് കോടി രൂപ മോന്‍സണ്‍ തട്ടിയതായാണ് വിവരം.
പ്രവാസി വനിതയ്ക്കടക്കം പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസമൊരുക്കാന്‍ മോന്‍സണ്‍ ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. അനിത പുല്ലയില്‍ തന്നെ മോന്‍സണ്‍ വിളിച്ചിട്ടാണ് പലതവണ ഹോട്ടലില്‍ എത്തിയതെന്ന് പറഞ്ഞിട്ടുണ്ട്. പണം കൈപ്പറ്റിയതിനുശേഷം പ്രവാസി സംഘടനകളുടെ മറവില്‍ മോന്‍സണ്‍ നടത്തിയ വിദേശ യാത്രകളില്‍ പണം കടത്തിയതായും പരാതിക്കാരുടെ മൊഴിയിൽ ഉണ്ട്. എന്നാല്‍ തനിക്ക് പാസ്‌പോര്‍ട്ടില്ലെന്നാണ് മോന്‍സണ്‍ ഇപ്പോഴും പറയുന്നത്. വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയാണ് മോന്‍സണ്‍ എല്ലാവരെയും കബളിപ്പിച്ചതെന്ന് ഇതോടെ വ്യക്തമായി.
മോന്‍സണിന്റെ അഞ്ച് വര്‍ഷത്തെ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നുണ്ട്. അതേസമയം, മോന്‍സണ്‍ന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. തട്ടിപ്പുകള്‍ ക്രൈംബ്രാഞ്ച് വിവിധ സംഘങ്ങളായി അന്വേഷിക്കും. സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്താന്‍ ഇയാളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും സമഗ്രമായി പരിശോധിക്കും. അഞ്ചു വര്‍ഷത്തെ സി.ഡി.ആര്‍. ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ പദ്ധതി. കലൂരിലെ വീട്ടില്‍ നിരന്തരമായി സന്ദര്‍ശിച്ചവരെയും സമൂഹ മാധ്യമങ്ങളിലൂടെ പുരാവസ്തു വിഷയത്തില്‍ ആശയവിനിമയം നടത്തിയവരെയും ചോദ്യം ചെയ്യും. ഇവിടെ സ്ഥാപിച്ച സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കും.
കൊച്ചി സിറ്റിയിലെയും സൈബര്‍ പൊലീസിലെയും പത്ത് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. മോന്‍സണ്‍ തട്ടിപ്പിന് ഉപയോഗിച്ച പല വസ്തുക്കളും സിനിമ ചിത്രീകരണത്തിന് വേണ്ടി തയ്യാറാക്കിയതാണെന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. താന്‍ കൈമാറിയ പല വസ്തുക്കളും മോന്‍സണ്‍ ചരിത്രാതീത കാലത്തെ അപൂര്‍വ രേഖയാക്കി തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് മോന്‍സണെതിരേ പുതിയ പരാതിയുമായി രംഗത്തെത്തിയ തിരുവനന്തപുരം കിളിമാനൂര്‍ പോങ്ങനാട് സ്വദേശി സന്തോഷ് വെളിപ്പെടുത്തിയത്. സന്തോഷില്‍ നിന്നും വാങ്ങിയ പല വസ്തുക്കളും ‘എന്ന് നിന്റെ മൊയ്തീന്‍’, ‘കായംകുളം കൊച്ചുണ്ണി’ തുടങ്ങി പല സിനിമകളിലും പുരാവസ്തുവായി ഉപയോഗിച്ചതാണ്. 30 ലക്ഷം രൂപയും മൂന്നുകോടിയുടെ പുരാവസ്തുശേഖരവും വാങ്ങിയശേഷം മോന്‍സണ്‍ തന്നെ കബളിപ്പിക്കുകയായിരുന്നെന്നും സന്തോഷ് പരാതിയില്‍ പറയുന്നു. ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട രേഖ എന്ന പേരില്‍ മോന്‍സണ്‍ മാവുങ്കല്‍ പ്രചരിപ്പിച്ച ചെമ്പോലയുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.